പുന്നപ്ര-വയലാർ സമരം; ചിന്ത പതിപ്പിലെ നേതാക്കളുടെ പേരിൽ സി.പി.എം-സി.പി.ഐ തർക്കം

ആലപ്പുഴ: പുന്നപ്ര-വയലാർ സമരത്തിന്റെ 80ാമത് വാർഷികത്തോടനുബന്ധിച്ച് ചിന്ത വാരിക പുറത്തിറക്കിയ പ്രത്യേകപതിപ്പിലെ ചിത്രങ്ങളെയും വിവരങ്ങളെയും ചൊല്ലി സി.പി.എം-സി.പി.ഐ തർക്കം. സമരനായകരായ ടി.വി. തോമസിനും കെ.കുമാരപ്പണിക്കർക്കും ചിത്രങ്ങളിൽ അർഹമായ പ്രാധാന്യം നൽകാതെ ഒതുക്കിയെന്നും ചരിത്രം വളച്ചൊടിച്ചുമെന്നാണ് സി.പി.ഐ നേതാക്കളുടെ ആരോപണം. സി.പി.ഐ നേതാക്കൾ ആരോപിക്കുന്നു.

പുന്നപ്ര-വയലാർ സമരനായകരുടെ ചിത്രം പൂർണമായി പ്രസിദ്ധീകരിക്കാത്തതിലും അണികൾക്കിടയിൽ അതൃപ്തിയുണ്ട്. സമരത്തിലെ പ്രമുഖരായി മുൻകാല നേതാക്കൾ ഉയർത്തിക്കാട്ടിയ പലരെയും ഒഴിവാക്കിയതാണ് വിവാദമായത്. ചിത്രങ്ങൾ സമരനായകൻ സി.കെ. കുമരാപ്പണിക്കരുടേത് എട്ടാമതും ടി.വി. തോമസിന്‍റേത് ഒമ്പതാം സ്ഥാനത്തുമാണ് നൽകിയത്. ഇതിനെതിരെ സമരനായകരുടെ കുടുംബാംഗങ്ങൾ പരസ്യമായും രഹസ്യമായും പ്രതിഷേധിച്ചു. സാമൂഹികമാധ്യമങ്ങളിലും ഇക്കാര്യം വലിയ ചർച്ചയായി. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് സി.പി.ഐ നേതാക്കൾ ആരോപിച്ചു.

സി.പി.എമ്മിലും ഒഴിവാക്കൽ ചർച്ചയായി. ‘ചിന്ത’ വാരിക പുന്നപ്ര-വയലാർ സമരത്തിന്റെ 80ാമത് വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘കേരളത്തെ പിടിച്ചു കുലുക്കിയ ആറു ദിനം’ എന്ന പ്രത്യേകപതിപ്പിലെ ചിത്രങ്ങളാണ് വിവാദമായത്. വയലാർ സമരത്തിലെ മുൻനിരക്കാരായിരുന്ന കെ.സി. വേലായുധൻ, എ.കെ. പരമൻ, എൻ.ഡി. വർക്കി, കെ. മാധവൻ തുടങ്ങിയവരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിനെച്ചൊല്ലിയാണ് പ്രധാന വിമർശം. ഇതിനൊപ്പം സി.എസ്. രാമകൃഷ്ണൻ, എ. ശ്രീധരൻ, മദർ സി. നാരായണിയമ്മ തുടങ്ങിയവരോടും നീതികാട്ടിയില്ലെന്ന് പറയുന്നു. വയലാർ സമരത്തിലെ ഏറ്റവും പ്രമുഖ മഹിളനേതാവായാണ് മദർ സി. നാരായണിയമ്മയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇവരുടെ ചിത്രവുമില്ല.

സമരചരിത്രം തോമസ് ഐസക് വളച്ചൊടിക്കുന്നു -ടി.ജെ. ആഞ്ചലോസ്

ടി.​ജെ. ആ​ഞ്ച​ലോ​സ്

 ആലപ്പുഴ: പുന്നപ്ര-വയലാർ സമരചരിത്രത്തെ ഡോ. തോമസ് ഐസക് വളച്ചൊടിക്കുകയാണെന്ന് സി.പി.ഐ ദേശീയകൗൺസിൽ അംഗം ടി.ജെ. ആഞ്ചലോസ്. പുന്നപ്ര-വയലാർ 80ാമത് സമരവാരാചരണത്തിന്‍റെ ഭാഗമായി ചിന്ത വാരിക പുറത്തിറക്കിയ പ്രത്യേകപതിപ്പിൽ സി.പി.ഐ നേതാക്കൾക്ക് അർഹമായ പ്രധാന്യം നൽകാതിരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര-വയലാർ സമര നായകരുടെ ചിത്രം പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണെന്ന് വാദത്തിലൂടെ ഡോ. തോമസ് ഐസക് വീണിടത്ത് കിടന്ന് ഉരുളുകയാണ്. ലേഖനത്തിലെ ചിത്രങ്ങളിൽ വയലാർ സമര നായകൻ സി.കെ. കുമരപ്പണിക്കർക്ക് എട്ടാംസ്ഥാനവും പുന്നപ്ര-വയലാർ സമരനായകൻ ടി.വി. തോമസിന് ഒമ്പതാം സ്ഥാനവും നൽകുന്നതിന് തോമസ് ഐസക് നൽകുന്ന ന്യായീകരണം ഇംഗ്ലീഷ് അക്ഷര മാല ക്രമത്തിൽ പേരുകൾ തയാറാക്കിയെന്നാണ്. പട്ടാളക്കാർ അടിച്ചുനിരത്തിയാണ് സി.കെ. കുമാരപ്പണിക്കരുടെ വീടാണ്.

സമരനായകൻ ടി.വി. തോമസിനെ കുന്തത്തല തോമസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ലേഖനത്തിനൊപ്പം ചേർത്ത ഫോട്ടോ ചരിത്രത്തോട് നീതിപുലർത്തുന്നില്ല. അക്ഷരമാല ക്രമത്തിലാണ് നേതാക്കളുടെ ചിത്രം നൽകിയിട്ടുള്ളതെന്നാണ് ന്യായീകരണം. വെടിവെപ്പിന് കാരണക്കാരനായ കെ.എസ്. ബെന്നിന്‍റെ ചിത്രം എത്രമതായാണ് ചേർത്തിരിക്കുന്നത്. പി.കെ. മേദിനിയുടെ മുമ്പേ വിപ്ലവഗാനം പാടിയത് അനസൂയയാണ്. അവരുടെ പേരില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകരുടെ പേരുകൾ ഇംഗ്ലീഷ് അക്ഷര മാല ക്രമത്തിൽ തയാറാക്കിയാൽ മഹാത്മാ ഗാന്ധിയുടെ സ്ഥാനം എവിടെയായിരിക്കും. പുന്നപ്ര-വയലാർ സമരചരിത്രം തയാറാക്കാൻ ഡോ. തോമസ് ഐസകിനെ രണ്ടുപാർട്ടികളും ചേർന്ന് ചുമതലപ്പെടുത്തിയിട്ടില്ല. അമ്പലപ്പുഴ, ചേർത്തല താലൂക്കിലാണ് സമരം നടന്നതെങ്കിലും തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർട്ടിയാണ് നയിച്ചത്. പാർട്ടി പിളർന്നിട്ടും വാരാചരണം ഒന്നായി തന്നെയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം വളച്ചൊടിച്ചുവെന്നത് വസ്തുതവിരുദ്ധം -ഡോ. തോമസ് ഐസക്

ഡോ. ​തോ​മ​സ്​ ഐ​സ​ക്

 ആലപ്പുഴ: ചിന്തയുടെ പുന്നപ്ര-വയലാർ പതിപ്പിൽ ചരിത്രം വളച്ചൊടിച്ചുവെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്ന് മുൻമന്ത്രിയും സി.പി.എം നേതാവുമായ ഡോ. തോമസ് ഐസക്. സി.പി.ഐ നേതാവ് ടി.ജെ. ആഞ്ചലോസിന്‍റെ വിമർശനത്തോട് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 3000 വാക്കുകളിൽ ഒരു ചരിത്രസംഭവത്തെക്കുറിച്ച് എഴുതുമ്പോൾ എല്ലാംപരിപൂർണമായി എഴുതാൻ സാധിക്കുകയില്ല. അത് വളച്ചൊടിക്കലായി കാണേണ്ടതില്ല. 60ലധികം സമരനായകരുടെ ഫോട്ടോ നൽകിയതിൽ സി.കെ. കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി.വി. തോമസിന്റേത് ഒമ്പതാമതും ആണത്രേ നൽകിയത്. പി. കൃഷ്ണപിള്ള ഒഴികെയുള്ള നേതാക്കളുടെ ചിത്രങ്ങൾ അക്ഷരമാലാക്രമത്തിലാണ് ഡയറക്ടറിയിൽ നൽകിയിട്ടുള്ളത്.

അക്ഷരമാലാക്രമത്തിൽ ‘തോമസ്’ ആദ്യം വരാൻ കഴിയില്ലല്ലോ. അന്ന് സി.പി.എം-സി.പി.ഐ രണ്ട് പാർട്ടികൾ അല്ലല്ലോ. ചിന്തയിലെ പ്രതിപാദനത്തിന്റെ പ്രത്യേകത അത്തരം പരിഗണനകളില്ലാതെ ചരിത്രം പറഞ്ഞു എന്നുള്ളത് തന്നെയാണ്. ഇത്തവണത്തെയും രണ്ടിടത്തെയും ദിനാചരണങ്ങളിൽ പങ്കെടുത്തവർ ആരെങ്കിലും ടി.വി. തോമസിനെയോ മറ്റ് പല നേതാക്കളെയോ പരാമർശിക്കാതിരുന്നത് അവരോടുള്ള ഒരുബഹുമാനക്കുറവുകൊണ്ടാണെന്ന് ആരെങ്കിലും പറയുമോ? പിന്നെ എന്തിന് എന്റെ മേക്കിട്ട് കയറണം? പിന്നെ, വേറെ ആരു പറഞ്ഞാലും ആഞ്ചലോസ് ഇത് പറയുവാൻ പാടില്ലായിരുന്നു. കാരണം രണ്ട് വർഷം മുമ്പ് 1400ഓളം പുന്നപ്ര-വയലാർ സമരസേനാനികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഡയറക്ടറിയുടെ പ്രിന്റ് ഔട്ട് കത്ത് സഹിതം സി.പി.ഐ ഓഫീസിൽ എത്തിച്ചതാണ്. എന്തെങ്കിലും കൂട്ടിച്ചേർക്കലുകളോ തിരുത്തോ വേണമെങ്കിൽ അറിയിക്കണമെന്ന് എന്റെ കത്തും അതിനോടൊപ്പം വെച്ചിരുന്നു. പ്രത്യേകിച്ച് ഒരു പ്രതികരണവും അന്ന് ഉണ്ടായില്ല. ആലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫിസുകളിലേക്കും ഓരോ കോപ്പി വീതം കൊടുത്തയച്ചിരുന്നു. ഒരു ദൃശ്യാനുഭവമാക്കി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് വിവാദമാക്കുന്നതിന്റെ ചേതോവികാരം എന്താണെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Punnapra-Vayalar: CPM-CPI Row Over Chinta Version

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.