കരപ്പുറം കാർഷിക പ്രദർശനത്തിൽ നിന്ന്
ചേർത്തല: സെന്റ് മൈക്കിൾസ് കോളജിലെ കരപ്പുറം കാർഷിക പ്രദർശനം ശ്രദ്ധേയമാകുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത സ്റ്റാളുകൾ ആകർഷണീയമാണ്.
ചേർത്തല കൃഷിഭവന്റെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ഇസ്രയേൽ കൃഷിരീതി ദൃശ്യാവിഷ്കരിക്കുന്നു. പി.വി.സി പൈപ്പിലെ ശുഷിരങ്ങളിൽ ചെടികൾ നട്ട് പരിപാലിക്കുന്ന രീതിയാണിത്. പ്രധാന കവാടം കഴിഞ്ഞ് ചെല്ലുമ്പോൾ ചേർത്തലയുടെ ഗ്രാമവിശുദ്ധിയും തനിമയും കാർഷിക പാരമ്പര്യവും ഉൾചേരുന്ന സെൽഫി പോയന്റുകളുണ്ട്.
സ്റ്റാളിൽ നിന്ന് പുറത്തുകടന്നാൽ വിവിധ കാർഷിക യന്ത്രങ്ങൾ കാണാം. മറുവശത്ത് നല്ലയിനം വൃക്ഷത്തൈകളും പുഷ്പിച്ച് നിൽക്കുന്ന ചെടികളുടേയും നീണ്ടനിരയുണ്ട്. രുചിയേറും കലവറയാണ് ഫുഡ് കോർട്ട്. വൈവിധ്യമാർന്ന വിഭവങ്ങളാണ് ഫുഡ് കോർട്ടിനെ വ്യത്യസ്തമാക്കുന്നത്.
ചേർത്തലയിലെ ആദ്യകാല നേതാക്കളും ചരിത്രങ്ങളും, ആദ്യകാല സിനിമ ഫോട്ടോഗ്രാഫറായിരുന്ന വി.കെ. ഷേണായിയുടെ ചിത്രങ്ങളും പുതിയ തലമുറക്ക് വേറിട്ട അനുഭവമുണ്ടാക്കും. കാർഷിക സെമിനാറുകൾ, ബി 2 ബി മീറ്റുകൾ, കുട്ടികളുടെ കലാമത്സരങ്ങൾ തുടങ്ങിയവയാണ് പ്രധാനവേദിയിൽ നടന്നു വരുന്നത്. കാർഷിക കാഴ്ചകളുടെ സായാഹ്നങ്ങളെ വിവിധ കലാപരിപാടികളുമായി ഓരോ പഞ്ചായത്തുകളിലേയും കുടുംബശ്രീ കലാകാരികൾ മാറ്റുകൂട്ടുന്നു. 28 നാണ് സമാപനം.
ചേർത്തല: കരപ്പുറം കാർഷിക കാഴ്ചയിലെ പ്രദർശന നഗരിവേദിയിൽ വ്യാഴാഴ്ച കാർഷിക സെമിനാറുകളും മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. രാവിലെ 10 മുതൽ കിഴങ്ങ് വർഗ വിളകളിലെ മൂല്യവർധിത സാധ്യതകൾ എന്ന വിഷയത്തിലാണ് സെമിനാർ. തുടർന്ന് കരപ്പുറത്തിന് മൃഗസംരക്ഷണ മേഖലയിലെ സാധ്യതകൾ, കടപ്പുറത്തിന്റെ മത്സ്യകൃഷി സാധ്യതകൾ സെമിനാറും ഉണ്ടാകും. ഉച്ചക്ക് രണ്ടിന് വെജിറ്റബിൾ കാർവിങ് മത്സരം. വൈകീട്ട് അഞ്ച് മുതൽ പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.