കെ-റെയിൽ: കാത്തിരിക്കുന്നത് ശ്രീലങ്കയെക്കാൾ വലിയ പ്രതിസന്ധി -കുഞ്ഞാലിക്കുട്ടി

ആലപ്പുഴ: സംസ്ഥാന വികസനത്തിന് ചേർന്ന പദ്ധതിയല്ല കെ-റെയിലെന്നും വിദഗ്ധ അഭിപ്രായങ്ങളെല്ലാം മറികടന്ന് നടപ്പാക്കിയാൽ ശ്രീലങ്ക ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലിയ ദുരന്തത്തിലാകും കലാശിക്കുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കടമെടുപ്പ് മൂലമുണ്ടായ വൻദുരന്തമാണ് ശ്രീലങ്ക അനുഭവിക്കുന്നത്. 'സ്വത്വരാഷ്ട്രീയം സാമൂഹിക പുരോഗതിക്ക്' എന്ന പ്രമേയവുമായി സംഘടിപ്പിച്ച യൂത്ത് ലീഗ് ദക്ഷിണമേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്നത് മുസ്ലിംലീഗ് ഭരണത്തിൽ ഉള്ളപ്പോഴായിരുന്നു. വികസനത്തിന്‍റെ അടിസ്ഥാനമായ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കുന്നതിൽ ലീഗ് വഹിച്ച പങ്ക് വളരെ വലുതാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന മുഴുവൻ പദ്ധതികളെയും ആദ്യവസാനം എതിർത്ത പാർട്ടിയാണ് സി.പി.എം. സ്വാശ്രയ എൻജിനീയറിങ് -മെഡിക്കൽ കോളജുകൾ അടക്കം വന്നത് എൽ.ഡി.എഫിന്‍റെ എതിർപ്പ് മറികടന്നാണ്. അതിനെതിരെ ഇടതുപക്ഷം നടത്തിയ സമരം ജനങ്ങൾ മറന്നിട്ടില്ല. ഐ.ടി, സ്മാർട്ട്സിറ്റി, അക്ഷയ പദ്ധതി തുടങ്ങിയ പദ്ധതികളെയെല്ലാം എതിർക്കുകയായിരുന്നു. ടെക്നോപാർക്കിൽ കെട്ടിടങ്ങൾ ഉയരുന്നതുകണ്ട് ഭാർഗവീനിലയങ്ങൾ എന്ന് ആക്ഷേപിക്കുകയും സമരം നടത്തുകയും ചെയ്തവർ ഇന്ന് അതുകൊണ്ട് സമൂഹത്തിലുണ്ടായ ഗുണം മനസ്സിലാക്കുന്നില്ലേ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ലീഗ് അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഉന്നതാധികാരസമിതി അംഗവും സംഘാടകസമിതി ചെയർമാനുമായ വി.കെ. ഇബ്രാഹീംകുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പി.എച്ച്. അബ്ദുൽ സലാം ഹാജി, കെ.ഇ. അബ്ദുൽ റഹ്മാൻ, ജില്ല പ്രസിഡന്‍റ് എ.എം. നസീർ, എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്‍റ് ടി.പി. അഷ്റഫലി എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.എം. മാഹിൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - K Rail: awaits crisis bigger than Sri Lanka - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.