ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൃ​ത്രി​മ അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ കേ​ന്ദ്രം, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഏ​ഴു​നി​ല​യു​ള്ള പു​തി​യ ഒ.​പി ബ്ലോ​ക്ക്​ സ​മു​ച്ച​യം

മതിയായ ചികിത്സയില്ല; ആശുപത്രിക്ക് ‘കാവൽ’ പൊളിയാറായ കെട്ടിടങ്ങൾ

ആലപ്പുഴ: ജനറൽ ആശുപത്രിയെന്ന നിലയിൽ രോഗികൾക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് പ്രധാന പ്രശ്നം. കോവിഡാനന്തരം രോഗികളുടെ കുത്തൊഴുക്കുണ്ടായിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചില്ല.

നിലവിൽ 56 ഡോക്ടർമാരുണ്ട്. മെഡിസിൻ വിഭാഗത്തിൽ രണ്ട് ഫിസിഷ്യൻമാർ മാത്രമാണുള്ളത്. നെഫ്രോളജി ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം. പൂർണതോതിൽ സജ്ജമാകാൻ ജൂനിയർ കൺസൾട്ടന്‍റ് അടക്കം മൂന്ന് പോസ്റ്റ് ഇനിയും വേണം. മെഡിസിൻ, സർജറി, ഓർത്തോ, കണ്ണ്, പീഡിയാട്രി, ഫിസിക്കൽ മെഡിസിൻ, ഓങ്കോളജി, ഡെന്‍റൽ, സ്കിൻ, പൾമനറി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ മെഡിസിന് രണ്ടും സർജറിക്ക് ഒരു വാർഡുമാണുള്ളത്.

ഇ.എൻ.ടിയും ഡെന്‍റലിനും സ്കിനിനും ഒ.പി മാത്രമാണുള്ളത്. താലൂക്ക് ആശുപത്രിയിൽപോലും ‘ഗൈനക്കോളജി’ വിഭാഗം സജീവമായി പ്രവർത്തിക്കുമ്പോൾ ഈ വിഭാഗമില്ലാത്ത കേരളത്തിലെ ഏക ജനറൽ ആശുപത്രിയാണിത്. മെഡിക്കൽ കോളജിനായി പിഴുതുമാറ്റിയ ഗ്യാസ്ട്രോളജി, ന്യൂറോളജി അടക്കമുള്ള വിഭാഗങ്ങൾ ഇനിയും തിരിച്ചെത്തിയിട്ടില്ല.

യൂറോളജി വിഭാഗത്തിലെ ഡോക്ടർ സ്ഥലംമാറിയിട്ട് പകരം ആളെത്തിയിട്ടില്ല. പേരിനുമാത്രം പ്രവർത്തിക്കുന്ന കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. ആഴ്ചയിൽ ഒരുദിവസമാണ് ഈ ഡോക്ടറുടെ സേവനം കിട്ടുന്നത്.

ന്യൂറോളജി വിഭാഗത്തിലും സമാനസ്ഥിതിയാണ്. 400 കിടക്ക ഉണ്ടെങ്കിലും 120 എണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ബലക്ഷയം നേരിടുന്ന പഴയ കെട്ടിടത്തിൽനിന്ന് ദിനംപ്രതി കിടത്തിച്ചികിത്സ അപ്രത്യക്ഷമാവുകയാണ്. മെഡിക്കൽ കോളജായിരുന്നപ്പോൾ ഉണ്ടായിരുന്ന 21ൽ അവശേഷിക്കുന്നത് 10 വാർഡാണ്.

ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റിയാക്കി ഉയർത്തുമ്പോൾ എല്ലാ വിഭാവും തിരിച്ചുവരുമെന്നായിരുന്നു സർക്കാറിന്‍റെ പ്രഖ്യാപനം. സർജറി വാർഡ് ഉൾപ്പെടെ പലതിന്റെയും കെട്ടിടഭാഗങ്ങൾ തകർന്നു. രക്തബാങ്ക്, കാത്ത്ലാബ് തുടങ്ങിയവയുടെ പണികൾ തുടങ്ങിയിട്ട് നാളേറെയായി.

പ്രധാന ഓപറേഷൻ തിയറ്ററിന്റെ പ്രവർത്തനം നിലച്ചിട്ട് മൂന്നുവർഷത്തിലേറെയായി. ട്രോമാകെയർ യൂനിറ്റിന്റെ ചെറിയ തിയറ്ററിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ജീവനക്കാരുടെ അഭാവത്തിൽ ട്രോമാകെയർ യൂനിറ്റ് പ്രവർത്തനം ഇനിയും തുടങ്ങിയിട്ടില്ല. ജില്ലയിലെ പ്രധാന ആശുപത്രിയെന്ന നിലയിൽ സർക്കാർ ആവിഷ്കരിക്കുന്ന പല പുതിയ പദ്ധതികളും ആദ്യമെത്തുന്നത് ഇവിടെയാണ്. എന്നാൽ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവത്തിൽ പുതിയ പ്രോജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നില്ല.

പ​ല​യി​ട​ത്തും മ​രു​ന്നി​ല്ല; എ​ല്ലാം പു​റ​ത്തു​നി​ന്ന്​

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കെ​ല്ലാം പു​റ​ത്തേ​ക്കാ​ണ് മ​രു​ന്ന്​ കു​റി​ച്ചു​ന​ൽ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ൾ​പ്പെ​ടെ മ​രു​ന്നു​ക്ഷാ​മം തു​ട​രു​ക​യാ​ണ്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും കു​ട്ടി​ക​ളു​ടെ മ​രു​ന്നു​ക​ൾ​ക്കു​മാ​ണ്​​ ക്ഷാ​മം. കോ​വി​ഡു​കാ​ല​ത്ത് ഉ​പ​യോ​ഗം കു​റ​വാ​യ​തി​നാ​ൽ വി​വി​ധ​യി​നം മ​രു​ന്നു​ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് പാ​ഴാ​യി​പ്പോ​യി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​ൻ ഇ​ക്കു​റി ഓ​ർ​ഡ​ർ കു​റ​ച്ച​താ​ണ്​ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. പ​ല​രും ലോ​ക്ക​ൽ പ​ർ​ച്ചേ​സി​ലൂ​ടെ​യാ​ണ്​ മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ലോ​ക്ക​ൽ പ​ർ​ച്ചേ​സി​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഡി​സം​ബ​റി​ൽ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ ക്ഷാ​മ​മു​ള്ള നൂ​റി​ല​ധി​കം ഇ​നം മ​രു​ന്നു​ക​ളാ​ണു​ള്ള​ത്. അ​ത്യാ​വ​ശ്യം വേ​ണ്ട മ​രു​ന്നു​ക​ളു​ടെ മാ​ത്രം വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ​ട്ടി​ക​ചു​രു​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ചു​രു​ങ്ങി​യ​ത് അ​മ്പ​തി​നം മ​രു​ന്നു​ക​ൾ ജി​ല്ല​യി​ൽ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ വി​വ​രം.

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ കാ​ർ​ഡു​മാ​യി ചി​കി​ത്സ​തേ​ടു​ന്ന​വ​ർ​ക്ക്​ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ​നി​ന്ന്​ മ​രു​ന്ന്​ കി​ട്ടാ​റി​ല്ല. നേ​ര​​ത്തേ മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്ത​തി​ലെ സാ​മ്പ​ത്തി​ക പ്ര​ശ്ന​മാ​ണ്​ കാ​ര​ണ​മെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​നാ​ൽ പ​ല രോ​ഗി​ക​ൾ​ക്കും സ്വ​ന്തം പോ​ക്ക​റ്റി​ൽ​നി​ന്ന്​ പ​ണം ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യു​ണ്ട്. ഇ​രു​മ്പു​പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക്​ എ​ഴു​തി​ക്കൊ​ടു​ക്കു​ക​യാ​ണ്​ പ​തി​വ്. നേ​ര​ത്തേ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മ്പോ​ൾ ജി​ല്ല മെ​ഡി​ബാ​ങ്കി​ൽ​നി​ന്നാ​ണ്​ മ​രു​ന്ന്​ ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്​ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ്​ രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ആ​വ​ശ്യം.

പു​തി​യ ഒ.​പി ബ്ലോ​ക്ക്​ സ​മു​ച്ച​യം ഫെ​​ബ്രു​വ​രി​യി​ൽ

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ഒ.​പി ബ്ലോ​ക്ക്​ സ​മു​ച്ച​യം ഫെ​​ബ്രു​വ​രി അ​വ​സാ​നം തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ 117 കോ​ടി ചെ​ല​വി​ലാ​ണ്​ ഏ​ഴു​നി​ല​യി​ലെ ഒ.​പി സ​മു​ച്ച​യം പൂ​ർ​ത്തി​യാ​കു​ന്ന​ത്. ചി​ത​റി​ക്കി​ട​ക്കു​ന്ന വി​വി​ധ ഒ.​പി ബ്ലോ​ക്കു​ക​ൾ ഇ​വി​ടേ​ക്ക്​ മാ​റും. ഒ.​പി, ന​ഴ്സി​ങ് വി​ഭാ​ഗ​ങ്ങ​ൾ, ഫാ​ർ​മ​സി, ലാ​ബ്, എ​ക്സ്റേ, സി.​ടി സ്കാ​ൻ, കാ​ത്ത്​​ലാ​ബ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. ര​ണ്ടു​കോ​ടി ചെ​ല​വി​ൽ വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ൻ ജോ​ലി​യും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

പു​തി​യ ബ്ലോ​ക്കി​ൽ പു​തി​യ പ​ല ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളും വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ ത​സ്തി​ക​ക​ൾ ഒ​ന്നും സൃ​ഷ്ടി​ച്ചി​ട്ടി​ല്ല. ഇ​ത്​ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. 

Tags:    
News Summary - Hospitals in ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.