തഴക്കര കല്ലിമേൽ തേനീച്ച പാര്‍ക്കും തേന്‍ സംസ്‌കരണ കേന്ദ്രവും
വള്ളികുന്നം പ്രഭ
മാവേലിക്കര: തേനിറ്റു വീഴുന്ന മധുരത്തിന്റെ മേന്മയിലാണ് മാവേലിക്കര തഴക്കര കല്ലിമേൽ തേനീച്ച പാര്‍ക്കും തേന്‍ സംസ്‌കരണ കേന്ദ്രവും. കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം കഴിഞ്ഞാല്‍ ഏറെ ആകര്‍ഷിക്കുന്നത് ജലാശയത്തിന് സമീപത്തെ പച്ചക്കുന്നില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവില്‍ തേന്‍ നുകരുന്ന വലിയൊരു തേനീച്ചയുടെ ശില്‍പമാണ്. അതിനു ചുറ്റും തേനീച്ച പെട്ടികളും വിശാലമായ ഉദ്യാനവും ആരെയും ആകർഷിക്കും. ഹോർട്ടികോര്‍പിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച തേനീച്ച പാര്‍ക്ക് അഞ്ച് വര്‍ഷമായപ്പോൾ ശുദ്ധമായ തേന്‍ വാങ്ങാനും തേനീച്ച കൃഷിയെ കുറിച്ച് അടുത്തറിയാനുമായി എത്തുന്നവരുടെ പ്രധാന കേന്ദ്രമായി മാറി.
പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് തേനീച്ചക്ക് തേന്‍ നുകരാനുള്ള സൗകര്യമാണ് പാര്‍ക്കിലുള്ളത്. മഴക്കാലത്തും വേനല്‍ക്കാലത്തും തേനും പൂമ്പൊടിയും ഉൽപാദിപ്പിക്കുന്ന ചെടികളാണ് തേനീച്ചക്ക് ആവശ്യം. തേനും പൂമ്പൊടിയും ശേഖരിക്കുന്നതിന് തേനീച്ചകള്‍ക്കു സഹായകമാകുന്ന വിധത്തിലുള്ള പാര്‍ക്കില്‍ ആന്റിഗണ്‍, റബര്‍കപ്പ, കമ്മല്‍ചെടി, ആയുര്‍വേദ സസ്യങ്ങളായ തുളസി, കറ്റാര്‍വാഴ, ആടലോടകം, വേപ്പ്, വിവിധ ഫലവൃക്ഷങ്ങള്‍ എന്നിവയാണ് പ്രധാനമായും നട്ടുവളര്‍ത്തിയത്. പാര്‍ക്കിനോടു ചേര്‍ന്ന് നവീകരിച്ച തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം, തേന്‍ സംസ്‌കരണ പ്ലാന്റ് എന്നിവയാണുള്ളത്. പ്രതിദിനം 300 കിലോ തേന്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കഴിയുന്ന തേന്‍ സംസ്‌കരണ യൂനിറ്റാണുള്ളത്.
2018 ഡിസംബര്‍ 20നാണു കല്ലിമേല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തില്‍ തേനീച്ച പാര്‍ക്കും വിശാലമായ തേന്‍ സംസ്‌കരണ കേന്ദ്രവും തുടങ്ങിയത്. അഞ്ചു വർഷത്തിനുള്ളിൽ 50,000 കിലോ തേന്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചു സംസ്‌കരിച്ചാണ് ‘അമൃത് ഹണി’ എന്ന പേരില്‍ വിപണിയിലെത്തിച്ചത്. കോവിഡ് കാലത്ത് ആദിവാസി മേഖലയില്‍ വില്‍പന നടത്താന്‍ സാധിക്കാതിരുന്ന തേന്‍ ഹോര്‍ട്ടികോര്‍പ് നേരിട്ടെത്തി ശേഖരിച്ചിരുന്നു. അച്ചന്‍കോവില്‍, നിലമ്പൂര്‍, റാന്നി, ആതിരപ്പള്ളി, വാഴച്ചാല്‍ എന്നീ ആദിവാസി മേഖലകളില്‍ നിന്ന് മാത്രം 4000 കിലോ തേന്‍ ശേഖരിച്ചിരുന്നു. ഈ വർഷം അച്ചൻകോവിലിൽ നിന്നും തേൻ സംഭരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തേനീച്ച കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കാനെത്തുന്ന കര്‍ഷകര്‍ക്ക് തേന്‍ സംസ്‌കരിച്ച് നല്‍കാനും സൗകര്യമുണ്ട്. ഇപ്രകാരം കിലോക്ക് 13 രൂപ നിരക്കില്‍ 200 ടൺ തേന്‍ കര്‍ഷകര്‍ക്കു സംസ്‌കരിച്ചു നല്‍കി.
തേനില്‍ നിന്നുള്ള മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഇഞ്ചി, വെളുത്തുള്ളി, ചക്ക, പൈനാപ്പിൾ, മഞ്ഞൾ, കാന്താരി എന്നിവ തേനില്‍ സംസ്‌കരിക്കുന്ന സാങ്കേതികവിദ്യ കല്ലിമേല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിലുണ്ട്. 1995ലാണ് ഹോര്‍ട്ടികോര്‍പ് ജില്ല കൃഷിത്തോട്ടത്തില്‍ പാട്ടത്തിനെടുത്ത മൂന്ന് ഏക്കര്‍ സ്ഥലത്ത് തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇപ്പോള്‍ ശുദ്ധമായ തേന്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുന്ന പ്രധാനകേന്ദ്രമായി കല്ലിമേല്‍ മാറി. മാത്രമല്ല തേനീച്ച കർഷകരുടെ ഉന്നമനത്തിനായി തിരുവനന്തപുരത്തും വയനാടും കേന്ദ്രീകരിച്ച് ഫാർമേഴ്സ് ഫെഡറേഷനും രൂപവത്കരിച്ചു. എല്ലാ ജില്ലകളിലും പരിശീലനം നല്‍കുന്നുണ്ട്. മാത്രമല്ല കല്ലിമേലും പരിശീലനം നൽകുന്നു. 40 പേർ അടങ്ങുന്നതാണ് ഒരു യൂനിറ്റ്. പരിശീലനം ലഭിക്കുന്നവര്‍ക്ക് 40 ശതമാനം സബ്സിഡിയില്‍ തേന്‍ എടുപ്പ് യന്ത്രം, പുകയന്ത്രം, മുഖാവരണം തുടങ്ങിയവ നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.