ആലപ്പുഴ: കുട്ടനാട്ടിൽ പുഞ്ചനെല്ല് കൃഷിയുടെ സംഭരണം അവസാന ഘട്ടത്തിലെത്തിയിട്ടും നെൽവിലയായി കർഷകർക്ക് നൽകാനുള്ളത് 185 കോടി രൂപ. പുഞ്ചനെല്ലിന്റെ സംഭരണ വിലയിനത്തിൽ ഇത്രയും ഭീമമായ തുക കുടിശികയായതോടെ രണ്ടാംകൃഷിക്കുള്ള ചെലവിനും നിത്യവൃത്തിക്കും നിവൃത്തിയില്ലാത്ത വലയുകയാണ് കർഷകർ.
രണ്ടാം കൃഷിക്കായി പാടങ്ങൾ ഉഴുത് കള നശിക്കുന്നതിനായി വെള്ളം കയറ്റിയിടുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മേയ് അവസാനവാരത്തോടെ വിത നടത്തേണ്ട പാടങ്ങളൊരുക്കാൻ വൻ തുക ആവശ്യമാണ്. അധ്യയന വർഷാരംഭമായതിനാൽ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതടക്കമുള്ള ചെലവുകൾക്കും പണം കണ്ടെത്തണം.
കാലാവസ്ഥ വ്യതിയാനവും ഓരുവെള്ള ഭീഷണിയും കാരണം ഒരേക്കറിൽ നിന്ന് അഞ്ച് ക്വിന്റൽ നെല്ലുപോലും കർഷകർക്ക് ലഭിച്ചില്ല. 16 കിലോ കിഴിവ് ആവശ്യപ്പെട്ടതോടെ പലയിടത്തും തർക്കമുണ്ട്. ഇതിനായി ആഴ്ചകളായി സംഭരണം അവതാളത്തിലായിരുന്നു.
കൊയ്ത്തു കഴിഞ്ഞ ദിവസങ്ങളോളം കർഷകർ കാത്തിരുന്നെങ്കിലും വേനൽ മഴയെത്തിയതോടെ പിടിവിട്ടു. നിവൃത്തിയില്ലാതെ 12 കിലോ കിഴിവ് സമ്മതിച്ചാണ് പലരും മില്ലുകാർക്ക് നെല്ല് കൈമാറിയത്.
വിളവെടുപ്പിന്റെ അവസാനഘട്ടത്തിലും മില്ലുകാരുടെ ചൂഷണത്തിന് അറുതിയില്ല. മൂന്നാഴ്ച മുമ്പ് കൊയ്ത ചെറുതന പോച്ച 400 പാടത്തെ നെല്ല് സംഭരിച്ചത് 13 കിലോ കിഴിവ് നൽകിയാണ്. കാലാവസ്ഥ വ്യതിയാനവും അധികൃതരുടെ അനാസ്ഥയും അനാവശ്യമായ കിഴിവും വർധിച്ച കൂലി ചെലവും കർഷകർക്ക് താങ്ങാനാവുന്നില്ല.
ഇതിനൊപ്പം രാസവളങ്ങളുടെ ദൗർലഭ്യവും നെൽകർഷകരെ മേഖലയിൽനിന്ന് പിന്തിരിപ്പിക്കുന്നു. എസ്.ബി.ഐയും കാനറാ ബാങ്കും ഉൾപ്പെട്ട ബാങ്ക് കൺസോർഷ്യം സപ്ലൈകോയിൽനിന്നുള്ള പണം ലഭിക്കാത്തതിനാൽ മാർച്ച് ആദ്യവാരം പണം വിതരണം നിർത്തിവെച്ചു. കഴിഞ്ഞയാഴ്ച എസ്.ബി.ഐ വില വിതരണം പുനരാരംഭിച്ചെങ്കിലും കരാർ പുതുക്കാത്തതിനാൽ കാനറ ബാങ്കിൽ പണം വിതരണം ഇനിയും വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.