ആലപ്പുഴ: കോടിയിലധികം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ച സി.പി.എം നേതാക്കൾ ഉൾപ്പെട്ട കേസിൽ അന്വേഷണം ഇഴയുന്നു. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് അന്വേഷണം മന്ദഗതിയിലായതിനിടെ ലഹരിവസ്തുക്കൾ പിടികൂടാൻ നേതൃത്വം നൽകിയ അസി. കമീഷണർ വി.എസ്. പ്രദീപിനെയും ഇൻസ്‌പെക്ടർ വി. ബിജുവിനെയും ശബരിമല ഡ്യൂട്ടിക്കയച്ചതോടെയാണ് പൂർണമായും നിലച്ചത്. അന്വേഷണം മറ്റാർക്കും കൈമാറിയതുമില്ല. കൂടുതൽ പേരിലേക്ക് അന്വേഷണം എത്താതിരിക്കാൻ പൊലീസിൽ സമ്മർദമുണ്ടെന്നാണ് സൂചന.
പുകയില കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ ആലപ്പുഴ സീവ്യൂ വാർഡ് ഇജാസ് മൻസിലിൽ ഇജാസ്, വെള്ളക്കിണർ സജാദ് മൻസിലിൽ സജാദ്, കരുനാഗപ്പള്ളി പുത്തൻതെരുവ് കൊല്ലിലേത്ത് പടീറ്റതിൽ ഷമീർ, വേങ്ങറ നമസി മൻസിലിൽ തൗസിം എന്നിവർക്ക് ജാമ്യം കിട്ടി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം അംഗമായിരുന്ന ഇജാസിനെ പാർട്ടി പുറത്താക്കി. പാർട്ടി ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ലോറിയിൽനിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
ഇയാളെ പാർട്ടി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടിവക അന്വേഷണത്തിന് അന്വേഷണ കമീഷനെയും നിയോഗിച്ചു. പിടികൂടിയ ദിവസംതന്നെ പൊലീസ് മടിച്ചാണു വിവരങ്ങൾ പുറത്തുവിട്ടത്. വാഹനം വാടകക്കെടുത്തെന്ന് ഷാനവാസ് പറയുന്ന ഇടുക്കി സ്വദേശി ജയനെ പിടികൂടിയിട്ടുമില്ല. ചാനൽ ചർച്ചയിൽവരെ പ്രതികരിച്ചയാളാണ് ജയൻ. എന്നാൽ, ഒരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇജാസ് മുമ്പും ലഹരി കടത്തിയതായി കേസുണ്ട്. മറ്റു പ്രതികളിൽ പലരും കേസുകളിൽ ഉൾപ്പെട്ടവരാണ്. എന്നിട്ടും പൊലീസ് ഇവരുടെ വീടുകളോ ബന്ധമുള്ള സ്ഥാപനങ്ങളോ റെയ്ഡ് ചെയ്തിട്ടില്ല. സി.പി.എമ്മിലെ ജില്ലയിലെ പ്രമുഖ നേതാവിന്റെ ഇടപെടൽ മൂലമാണിതെന്നാണ് ആരോപണം. സി.പി.എം ഏരിയ കമ്മിറ്റി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ഷാനവാസ് ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി സ്ഥാനത്തു തുടരുകയാണ്. ഞായറാഴ്ച പുലർച്ച രണ്ടുലോറികളിലായി പച്ചക്കറിക്കൊപ്പം കടത്തിയ പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്.
ഷാനവാസിനെതിരെ ആരോപണം തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ്. യുവമോർച്ചയുടെ പ്രതിഷേധത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ലഹരിക്കടത്ത് കേസിലെ കൗൺസിലറുടെ പങ്ക് പൊലീസും പാർട്ടിയും അന്വേഷിക്കുന്നുണ്ട്. ഇത്തരം നടപടിയെ ആരും പ്രോത്സാഹിപ്പിക്കില്ല. ഇക്കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ലഹരിക്കെതിരെ നഗരസഭ ശക്തമായാണ് പോരാടുന്നത്. കാമ്പയിനും സംഘടിപ്പിച്ചു. 18ന് കൗൺസിൽ യോഗവും അതിന് മുന്നോടിയായി പാർലമെന്ററി പാർട്ടി യോഗവും ചേരുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.