ആലപ്പുഴ റെയിൽവേ സ്റ്റേഷൻ
ആലപ്പുഴ: അമ്പലപ്പുഴ-തുറവൂർ പാത ഇരട്ടിപ്പിക്കലിന് കേന്ദ്രബജറ്റിൽ 500 കോടി അനുവദിച്ചതോടെ തീരദേശപാത നിർമാണം യാഥാർഥ്യമാകും. 115 കിലോമീറ്റർ പാതയിൽ കായംകുളം-അമ്പലപ്പുഴ പാതയിലെ 45 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിക്കൽ പൂർത്തിയായത്.
തുറവൂർ-കുമ്പളം, കുമ്പളം-എറണാകുളം പാത ഇരട്ടിപ്പിക്കലിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. തടസ്സമായത് അമ്പലപ്പുഴ-തുറവൂർ പാത ഇരട്ടിപ്പിക്കൽ പാതയായിരുന്നു. ഇത് പൂർത്തിയായാൽ മാത്രമേ തീരദേശപാതയുടെ പ്രയോജനം ലഭിക്കൂ. എറണാകുളം-കുമ്പളം (7.71 കിലോമീറ്റർ), കുമ്പളം-തുറവൂർ (15.59), തുറവൂർ-അമ്പലപ്പുഴ (48.56) എന്നിവയാണ് പൂർത്തിയാകാനുള്ളത്.
കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരദേശ റെയിൽവേ ലൈനിലെ പാത ഇരട്ടിപ്പിക്കലിന് ഇനി വേഗമേറും. റെയിൽവേയുടെ പൂർണചെലവിലാണ് പാതയിരട്ടിപ്പിക്കൽ എന്നതും പ്രത്യേകതയാണ്. നിലവിൽ വന്ദേഭാരതിന്റെ വരവോടെ മറ്റു ട്രെയിനുകൾ പിടിച്ചിടുകയാണ് പതിവ്. ഇതുമൂലം വർഷങ്ങളായി യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ വേഗം കൂട്ടാൻ ഇരട്ടിപ്പിക്കൽ സഹായകമാകും. നിലവിൽ എറണാകുളം-കായംകുളം പാതയിലും എറണാകുളം-ഷൊർണൂർ പാതയിലും 90 കിലോമീറ്ററാണ് വേഗം.
ആലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അമ്പലപ്പുഴ-തുറവൂർ റെയിൽ പാത ഇരട്ടിപ്പിക്കലിനായി 500 കോടി രൂപ റെയിൽവെ ബജറ്റിൽ നീക്കി വെച്ചതായി അഡ്വ. എ.എം. ആരിഫ് എം.പി അറിയിച്ചു. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് എടുത്തിരുന്ന കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തി മുഴുവൻ ചെലവും കേന്ദ്രം വഹിക്കുമെന്ന തീരുമാനം എടുപ്പിക്കാൻ താൻ എം.പിയായ ശേഷം സാധിച്ചു.
എറണാകുളം-തുറവൂർ പാതക്ക് മാത്രമാണ് റെയിൽവെ ബജറ്റിൽ തുക അനുവദിച്ചിരുന്നത്. ഇതിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. തുറവൂർ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനുകൂടി തുക നീക്കിവെച്ചതോടെ തീരദേശപാത മുഴുവനായും ഇരട്ടിപ്പിക്കുകയെന്നത് യാഥാർഥ്യമാകുമെന്നും എം.പി പറഞ്ഞു.
തീരദേശപാതയിൽ അമ്പലപ്പുഴ-എറണാകുളം ഭാഗം മാത്രമാണ് ഇപ്പോഴും ഒറ്റപ്പാളമായി തുടരുന്നത്. കായംകുളം മുതൽ അമ്പലപ്പുഴ വരെ പാത രണ്ട്ഘട്ടമായി നേരത്തേ ഇരട്ടിപ്പിച്ചു. പക്ഷേ, അമ്പലപ്പുഴ-എറണാകുളം ഭാഗം ഇരട്ടിപ്പിക്കാൻ ഒട്ടേറെ തടസ്സങ്ങളുണ്ടായി. ഇതിനാൽ നിലവിലെ ട്രെയിനുകൾ പോലും യഥാസമയം ഓടിക്കാൻ കഴിയാത്ത അവസ്ഥയാണ്. കായംകുളം-എറണാകുളം പാത 100 കിലോമീറ്ററാണ്.
കായംകുളം-അമ്പലപ്പുഴ 31 കിലോമീറ്റർ. ബാക്കിയുള്ള 69 കിലോമീറ്ററാണ് ‘ഇടുങ്ങിയ വഴി’യായി തുടരുന്നത്. ആലപ്പുഴ ലൈനിലൂടെ 35 ട്രെയിനുകളാണ് പ്രതിദിനം സർവിസ് നടത്തുന്നത്. രാജധാനി, ശതാബ്ദി, വന്ദേഭാരത്, മാവേലി, ആലപ്പുഴ-ചെന്നൈ, കൊച്ചുവേളി-മൈസൂരു എന്നിവ ഇതിൽപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.