പ്രസിഡന്റ് കെ.ജി രാജേശ്വരിയും വൈസ് പ്രസിഡന്റ്
എൻ.എസ് ശിവസാദും ചേർന്ന് ബജറ്റ് പ്രകാശനം ചെയ്യുന്നു
ആലപ്പുഴ: ശുചിത്വം, ആരോഗ്യം, കുടുംബശ്രീ, അതിദരിദ്രര്‍ക്കുള്ള ഭവന നിര്‍മാണം, ഭിന്നശേഷിക്ഷേമം, വനിത-ശിശു ആരോഗ്യം എന്നിവക്ക് പ്രാധാന്യം നല്കി 2024-25 വര്‍ഷത്തെ ജില്ല പഞ്ചായത്ത് ബജറ്റ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദാണ് ‘സമൃദ്ധി’ എന്ന് പേരിട്ട ബജറ്റ് അവതരിപ്പിച്ചത്. ആകെ 115,09,92,208 രൂപ വരവും 114,58,34,006 രൂപ ചെലവും 51,58,202 രൂപ നീക്കിയിരിപ്പുമുണ്ട്. പുതുതായി വലിയ പദ്ധതികൾ ഒന്നും വിഭാവന ചെയ്തിട്ടില്ല.
ശുചിത്വ മേഖലയിലെ പ്രധാന പദ്ധതികള്‍ക്കായി 7.6 കോടിയും ആരോഗ്യ രംഗത്തെ പ്രധാന പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി 8.26 കോടിയും വകയിരുത്തി.
മുന്‍കാല ബജറ്റുകളിലെ 95 ശതമാനം കാര്യങ്ങളും നടപ്പാക്കാനായതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. താഹ, ബിനു ഐസക് രാജു, ജില്ല പഞ്ചായത്തംഗം കെ.ജി. സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്. രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷത്തെ രണ്ട് അംഗങ്ങളും ബജറ്റ് അവതരണത്തിന് എത്തിയില്ല.
ഭിന്നശേഷി വ്യക്തികള്‍, ട്രാന്‍സ്ജെന്‍ഡര്‍, എച്ച്.ഐ.വി. ബാധിതര്‍, ചലനശേഷി നഷ്ടപ്പെട്ടവര്‍, വയോജനങ്ങള്‍, അർബുദബാധിതർ എന്നിങ്ങനെ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനാണ് ബജറ്റ്. ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയാണ് മാറ്റിവെച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് റിഹാബിലിറ്റേഷന്‍ സെന്റര്‍ പദ്ധതിയായ ലക്ഷ്യക്ക് മൂന്ന് കോടി, കാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യ, ആശാവര്‍ക്കര്‍മാര്‍ക്ക് ഇരുചക്രവാഹനം സബ്സിഡി നിരക്കില്‍ നല്കുന്ന കരുതല്‍ പദ്ധതിക്ക് ഒരു കോടി രൂപ എന്നിങ്ങനെ മാറ്റിവെച്ചിട്ടുണ്ട്.
വൃദ്ധരും കാന്‍സര്‍ രോഗികളുമായ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോഷകാഹാരം നല്കാൻ നിറവ് പദ്ധതി, എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകഹാരം നല്കാൻ 60 ലക്ഷം രൂപയുടെ പാഥേയം പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സാമൂഹ്യ സുരക്ഷയും തൊഴില്‍ പരിശീലനവും നല്കുന്ന പദ്ധതി എന്നിവയും ബജറ്റില്‍ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.