ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കാൻ സി.പി.എം തീരുമാനം. ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പി.പി. ചിത്തരഞ്ജൻ എം.എൽ.എയെയും എം. സത്യപാലനെയും ജില്ല സെക്രട്ടേറിയറ്റിൽ തിരിച്ചെടുക്കും. പിരിച്ചുവിട്ട ആലപ്പുഴയിലും ഹരിപ്പാടിലെയും ഏരിയ കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാർ വരും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റ്, ജില്ലകമ്മിറ്റി യോഗത്തിലാണ് നേതാക്കളടക്കമുള്ളവരുടെ അച്ചടക്കനടപടി പിൻവലിക്കാൻ തീരുമാനിച്ചത്.
ജില്ലയിൽ വിഭാഗീയത ആവർത്തിക്കരുതെന്ന് എം.വി. ഗോവിന്ദൻ നേതാക്കൾക്ക് താക്കീത് നൽകി. വിവിധ ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയവരെ തിരിച്ചെടുക്കാനും നിർദേശം നൽകി. സമ്മേളനകാലത്തെ വിഭാഗീയതയുടെ പേരിൽ ജൂണിലാണ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ അടക്കമുള്ള 30ലധികം പേരെ പാർട്ടി പദവികളിൽനിന്ന് തരംതാഴ്ത്തിയത്.
പിരിച്ചുവിട്ട ആലപ്പുഴ, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. ആലപ്പുഴയിൽ അജയ് സുധീന്ദ്രനും ഹരിപ്പാട് സി. പ്രസാദിനെും പുതിയ സെക്രട്ടറിമാരാകും. സമ്മേളനകാലത്ത് മത്സരത്തിൽ തോൽപിക്കപ്പെട്ടവരെയും പുതിയ കമ്മിറ്റികളിൽ ഉൾപ്പെടുത്തും. നിലവിൽ രണ്ടിടത്തെയും ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. സമ്മേളന കാലയളവിൽ വിഭാഗീയതയിൽ നേതാക്കളടക്കം സജീവമായി ഇടപെട്ടുവെന്ന് കണ്ടെത്തി 30ലധികം പേരെയാണ് പദവികളിൽനിന്ന് തരംതാഴ്ത്തിയത്. പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജില്ലയിൽ ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട്, തകഴി ഏരിയ സമ്മേളനങ്ങളിലാണ് ചേരിതിരിവും വിഭാഗീയതയും പ്രകടമായത്. ആലപ്പുഴ നോർത്തിലെ ഏരിയ സമ്മേളനം തർക്കത്തെ തുടർന്ന് ഒരുമണിക്കൂറോളം നിർത്തിവെച്ചിരുന്നു. ആലപ്പുഴ സൗത്തിലും ഹരിപ്പാടും ഒരുവിഭാഗത്തെ പൂർണമായും തോൽപിച്ചു. തകഴിയിലും ചേരിതിരിഞ്ഞ് മത്സരം നടന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രൻ, ജില്ല സെക്രട്ടറി ആർ. നാസർ, സി.ബി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.