പാചകവാതക വിലവർധന; ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്ക് വില കൂട്ടി

ആലപ്പുഴ: പാചകവാതക വിലവർധനക്ക് പിന്നാലെ ഹോട്ടലുകാർ വില കൂട്ടി. ഇനി പുറത്തുനിന്നുള്ള ഭക്ഷണത്തിന് ചെലവേറും. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വില കൂട്ടിയത്. ഓരോ വിഭവങ്ങൾക്കനുസരിച്ച് രണ്ട് മുതൽ 50 രൂപ വരെയാണ് കൂട്ടിയത്. ബിരിയാണിക്കും സമാന വിഭവങ്ങൾക്കും 10 മുതൽ 40 രൂപ വരെ വിലയാണ് കൂടിയത്. നോൺ വെജ് കറികൾക്കും ഫ്രൈകൾക്കും 40 മുതൽ 50 രൂപ വരെയും ഊണിന് 10 മുതൽ 20 രൂപ വരെയും ചായ, ലഘുഭക്ഷണം എന്നിവക്ക് രണ്ട് മുതൽ അഞ്ച് രൂപവരെയും വില വർധിപ്പിച്ചു. ഷവർമ, അൽഫാം എന്നിവക്ക് 30 രൂപ വരെയാണ് കൂടിയത്. വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതാണ് വില കൂട്ടാൻ കാരണം. ഇത് ഹോട്ടൽ മേഖലയെ തകർക്കുന്ന നടപടിയാണെന്ന് ഉടമകൾ പറയുന്നു.

പാചകവാതക ക്ഷാമം രൂക്ഷമായപ്പോൾതന്നെ പല സ്ഥാപനങ്ങളിലും നേരിയ തോതിൽ വില വർധന നടപ്പാക്കിയിരുന്നു. ദിവസവും രണ്ട് മുതൽ ആറ് സിലിണ്ടർ വരെ ഉപയോഗിച്ച സ്ഥാപനങ്ങളുണ്ടായിരുന്നു. എന്നാൽ, ക്ഷാമത്തെത്തുടർന്ന് സിലിണ്ടർ കിട്ടാതായതോടെ പലസ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ജില്ലയിൽ അസോസിയേഷന്റെ കീഴിൽ മാത്രം 1250 ഹോട്ടലുകളാണുള്ളത്.അല്ലാതെ ചെറുതും വലുതുമായ തട്ടുകടകളടക്കം ഏഴുന്നൂറോളം ഭക്ഷണശാലകളുമുണ്ട്. ഈ വിലക്കയറ്റം എല്ലായിടത്തും ബാധിക്കും. സിലിണ്ടറുകളുടെ കടുത്തക്ഷാമം മേഖലയെ പ്രതിസന്ധിയിലാക്കി. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽനിന്ന് ഇരട്ടി വിലക്ക് ഗ്യാസ് വാങ്ങേണ്ട ഗതികേടിലാണ് ചെറുകിട വ്യാപാരികൾ. കോവിഡിനുശേഷം പതുക്കെ കരകയറിത്തുടങ്ങിയ ഭക്ഷണശാലകളെ വീണ്ടും അടച്ചുപൂട്ടലിലേക്ക് നയിക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ നടപടി.

വിഭവങ്ങൾ വെട്ടിച്ചുരുക്കി

സിലിണ്ടർ ക്ഷാമം രൂക്ഷമായപ്പോൾ ഹോട്ടലുകൾ വിഭവങ്ങൾ വെട്ടിക്കുറച്ചാണ് കച്ചവടം. പലയിടങ്ങളിലും ഊണ് കിട്ടാനില്ല. ഉള്ളയിടങ്ങളിൽ വലിയ തിരക്കുമുണ്ട്. പഴയപോലെ സിലിണ്ടർ വിതരണം സുഗമമായിട്ടുമില്ല. കിട്ടണമെങ്കിൽ ഇരട്ടി വില നൽകണം. മൂന്ന് സിലിണ്ടറുകളുള്ള ഒരു ഹോട്ടലിന് അധികമായി 3000 രൂപ ചെലവാകും. അല്ലെങ്കിൽ അടുപ്പ് ക്രമീകരിക്കണം.

ഇത് എല്ലാ കെട്ടിടങ്ങളിലും നടപ്പാകില്ല. പ്രത്യേകിച്ച് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവർ അടുപ്പ് ക്രമീകരിക്കാൻ പ്രയാസമാണ്.കൂടാതെ നാട്ടിലേക്ക് മടങ്ങിപ്പോയ തൊഴിലാളികളിൽ പലരും മടങ്ങിയെത്തിത്തുടങ്ങി. ഇവർക്ക് കൂലി നൽകി പിടിച്ചുനിൽക്കണമെങ്കിൽ വില വർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

തെരുവിൽ അടുപ്പുകൂട്ടി വ്യാപാരികളുടെ സമരം

മാന്നാർ: വാണിജ്യ സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്, വനിത വിങ് മാന്നാർ യൂനിറ്റ് കമ്മിറ്റികൾ തെരുവിൽ അടുപ്പുകൂട്ടി സമരം നടത്തി.മാന്നാർ പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം സംഘടന ജില്ല സെക്രട്ടറി അനിൽ എസ്. അമ്പിളി ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്, വനിത വിങ് മാന്നാർ യൂനിറ്റ് കമ്മിറ്റികൾ തെരുവിൽ അടുപ്പുകൂട്ടി സമരം നടത്തുന്നു

യൂത്ത് വിങ് ജില്ല വർക്കിങ് പ്രസിഡന്റ് അജ്മൽ ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റഷീദ് പടിപ്പുരക്കൽ, മർച്ചൻസ് അസോസിയേഷൻ ഭാരവാഹികളായ ജമാൽ, സജി കുട്ടപ്പൻ, ടി.എസ്. ഷെഫീഖ്, ഇന്ദു ശേഖർ, പി.ജെ. സബറുദ്ദീൻ, സതീഷ് മഹാലക്ഷ്മി, ബി.കെ. റിസ്വി, സാദിഖ്, ഹുസൈൻ, പ്രശാന്ത് കുമാർ, സുജ, സജീന എന്നിവർ നേതൃത്വം നൽകി.

ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധം

 ചെങ്ങന്നൂർ: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ ബ്ലോക്ക് സെക്രട്ടറി എം. സുമേഷ് ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സനൂപ് ശിവരാമൻ, ഗോകുൽ കേശവ്, സെൽവൻ സി. മാത്യു, അനുഗ്രഹ രാജേന്ദ്രൻ, കെ.എസ്. അഭിജിത്ത്, സുരാജ് അമ്പാടി, അനൂപ് സോളമൻ എന്നിവർ സംസാരിച്ചു.

സിലിണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധം

ചേർത്തല: പാചകവാതക വില വർധനക്കെതിരെ ഓൾ കേരള കാറ്ററീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ഗ്യാസ് സിലിണ്ടറിന് മുകളിൽ റീത്തുവെച്ച് പ്രതിഷേധം. ധർണ സംസ്ഥാന സെക്രട്ടറി എം.കെ. ആന്റണി ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്‍റ് ബ്രൈറ്റ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.വി. മാത്യു, ജില്ല സെക്രട്ടറി എം.എ. റിജാസ്, ജില്ല രക്ഷാധികാരി ബേബിച്ചൻ കോട്ടുപ്പള്ളി, ആലപ്പുഴ മേഖല പ്രസിഡന്റ് ജോട്ടി ജോസഫ്, ചേർത്തല മേഖല പ്രസിഡന്റ് ജോബിൻ ജോസഫ്, സെക്രട്ടറി സണ്ണി മാടവന എന്നിവർ സംസാരിച്ചു.

Tags:    
News Summary - Cooking gas price hike; Prices of food in hotels increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.