ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രസവിച്ചുടൻ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ ശിശുസംരക്ഷണസമിതി ഏറ്റെടുക്കുന്നു
ആലപ്പുഴ: ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ മാതാവ് വെന്‍റിലേറ്ററിലൂടെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുട്ടിയുടെ സംരക്ഷണം ശിശുസംരക്ഷണ സമിതി (സി.ഡബ്ല്യു.സി) ഏറ്റെടുത്തു. കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മയും അമ്മയുടെ അച്ഛനും ആവശ്യപ്പെട്ടതോടെയാണ് സംരക്ഷണം ഏറ്റെടുത്തത്.
അമ്മക്കെതിരെ കേസുള്ളതിനാൽ മാതാവിനൊപ്പം കുട്ടിയെ വിടുന്നതിന് നിയമപരമായി തടസ്സമുണ്ട്. അമ്മയുടെ അച്ഛൻ സംരക്ഷിക്കാൻ തയാറാണെങ്കിലും ഇദ്ദേഹം ജോലിക്ക് പോയാൽ കുട്ടിയെ ആര് നോക്കുമെന്നതിലും വ്യക്തതയില്ലാത്തതിനാലാണ് കുട്ടിയെ കൈമാറാത്തത്. അമ്മക്ക് കൗൺസലിങ് നൽകിയ ശേഷം ഇവർക്കൊപ്പം വിടാനുള്ള നിയമപരമായ സാഹചര്യം ഉണ്ടായാൽ മാത്രമേ കുട്ടിയെ കൈമാറൂ. കുട്ടിയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ശിശുക്ഷേമസമിതി അധികൃതർ അറിയിച്ചു.
അതേസമയം മുൻകൂട്ടി അറിയിച്ചാൽ അമ്മക്ക് കുട്ടിയെ കാണാനുള്ള അനുമതി നൽകും. കുട്ടിയുടെ അമ്മ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ അഡ്വ. ഗീത, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ജിജി ജോൺ, ശിശു വികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവർ ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശുവികാസ് ഭവനിൽ കുഞ്ഞിനെ സംരക്ഷിക്കും. 29 കുട്ടികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.