7.65 കോടി തട്ടിയ കേസിൽ അറസ്റ്റിലായ തായ്വാൻ സ്വദേശികളായ പ്രതികളെ ചേർത്തലയിലെ കോടതിയിൽനിന്ന് തിരികെ കൊണ്ടുപോകുന്നു
ആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രാജ്യാന്തര സാമ്പത്തിക കുറ്റവാളികളുടെ വലിയ ശൃംഖല കണ്ടെത്താൻ പൊലീസ്. ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പ്രാഥമികനിഗമനം.ചേർത്തലയിൽ ഡോക്ടർ ദമ്പതികളുടെ 7.65 കോടി തട്ടിയ കേസിൽ പൊലീസ് കസ്റ്റഡിയിലായ തായ്വാനിലെ പിങ്ചെൻ സ്വദേശികളായ വാങ് ചുൻ-വെയ് (26), ഷെൻ വെയ്-ഹോ (35) എന്നിവരിലൂടെ വിദേശികൾ ഉൾപ്പെടുന്ന മറ്റ് പ്രതികളിലേക്ക് എത്താമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
ഇതിനായിട്ടാണ് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് അപേക്ഷ നൽകി പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഓൺലൈൻ വഴി കോടിക്കണക്കിന് രൂപയുടെ വിനിയോഗവും കൈമാറ്റവും ഏങ്ങനെയാണ് നടത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുക. ചേർത്തല ഓൺലൈൻ തട്ടിപ്പിൽ രണ്ട് തായ്വാൻ സ്വദേശികൾ കൂടിയുണ്ടെന്ന വിവരമാണ് പൊലീസ് ലഭിച്ചത്. ചോദ്യം ചെയ്യലിൽ ബന്ധം തെളിഞ്ഞാൽ അവരെയും കസ്റ്റഡിയിൽ വാങ്ങും. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തികതട്ടിപ്പിന്റെ രീതിയും തിരിച്ചറിയും.
ഇരകളെ കണ്ടെത്തുന്നതടക്കമുള്ള എല്ലാകാര്യങ്ങളും അതീവരഹസ്യ സ്വഭാവത്തിലാണ് ചെയ്യുന്നത്. പ്രതികളായവരുടെ ഫോൺ ഉപയോഗംപോലും ആർക്കും കണ്ടുപിടിക്കാനാവില്ല. ഇതിനായി സ്വന്തംനാട്ടിലെ ഫോൺ കണക്ഷനാണ് എടുത്തിരുന്നത്. ഇവർ ഇന്ത്യയിലെത്തിയശേഷമാണ് തട്ടിപ്പുകൾ നടത്തിയത്. കൂടുതലും വാട്സ്ആപ് ചാറ്റിങ്ങിലൂടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പൊലീസ് തിരഞ്ഞാൽ ലോഗ് ഇൻ വിവരങ്ങളെല്ലാം വിദേശത്തേത് ആയിരിക്കുമെന്നതിനാൽ പ്രതികളെ പിടികൂടാൻ കഴിയില്ലെന്ന ബുദ്ധിയാണ് ഇവർ പ്രയോഗിച്ചത്.
നേരത്തേ സംഭവത്തിൽ ഉൾപ്പെട്ട കർണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാൻ റാം ഡി.പട്ടേലിനെ (22) ബംഗളൂരു യെലഹങ്കയിൽനിന്ന് ജില്ല ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് മുഖ്യപ്രതികളിലേക്കുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചത്. നേരത്തേ പിടിയിലായ ഭഗവാൻ റാമുമായി ബന്ധമുണ്ടെന്നതിന് തെളിവായി വിഡിയോകോൾ, വാട്സ്ആപ് ചാറ്റ് തെളിവുകളടക്കം കിട്ടിയിരുന്നു. സംഘത്തിലുള്ളവരൊന്നും ഫോണിൽ നേരിട്ട് സംസാരിച്ചിരുന്നില്ല.
എല്ലാആശയവിനിമയവും വാട്സ്ആപ് വഴിയായിരുന്നു. തായ്വാൻ സ്വദേശികൾ ഗുജറാത്ത് ജയിലിൽ ഉണ്ടെന്നറിഞ്ഞ് ജനുവരിയിൽ അവിടെയെത്തിയ പൊലീസ് സംഘം ഭഗവാൻ റാമിനെക്കൊണ്ട് ഇവർക്ക് വിഡിയോകോൾ വിളിപ്പിച്ചിരുന്നു. കേസിൽ നേരത്തേ മലയാളികൾ ഉൾപ്പെടെ അഞ്ചുപേരാണ് പിടിയിലായത്. ഇവരിൽ രാജസ്ഥാനിലെ പാലി സ്വദേശി നിർമൽ ജയിനാണ് (22) വിദേശികളായ തട്ടിപ്പുകാരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നത്. തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയായി മാറ്റിയിരുന്നത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.