ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് കെട്ടിടം യാത്രക്കാർക്കും ജീവനക്കാർക്കും ഭീഷണി. ആലും മരങ്ങളും വളർന്ന്, ചോർന്നൊലിച്ച്, പലയിടത്തും കോൺക്രീറ്റ് അടർന്ന് വീണ് ആകെ ദുർഗതിയിലാണ് കെട്ടിടം. ഇതിനുള്ളിൽ പേടിയില്ലാതെ നിൽക്കാനാവില്ല. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ ശോച്യാവസ്ഥമൂലം ഓഫിസ് പ്രവർത്തനം ഇവിടെനിന്ന് നേരത്തേ മാറ്റിയിരുന്നു. മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് ഇളകി നിലം പതിക്കുന്നത് പതിവ് സംഭവമാണ്.
കമ്പികൾ തെളിഞ്ഞുനിൽക്കുന്നു. തൂണുകളുടെ ഭാഗങ്ങൾ അടർന്നു തുടങ്ങി. ഭിത്തികളിൽ വിള്ളൽവീണിട്ടുണ്ട്. പഴക്കംചെന്ന കെട്ടിടങ്ങൾക്കു താഴെ പേടിയില്ലാതെ നിൽക്കാനാകില്ല. ഇവിടെത്തന്നെ പലയിടത്തും കോൺക്രീറ്റ് അടർന്നുവീണത് കാണാം. -ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരുടെ ആശങ്കകൾ ഏറെയാണ്.
50 വർഷത്തിലേറെ പഴക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളുകളായി. സീലിങ്ങിലെ കോൺക്രീറ്റുകൾ അടർന്നു വീണതിന്റെ അടയാളങ്ങളാണ് എങ്ങും. രണ്ടുമാസം മുമ്പ് ഇവിടത്തെ കോൺക്രീറ്റ് അടർന്നു വീണിരുന്നെന്നു കച്ചവടക്കാർ പറയുന്നു. കോൺക്രീറ്റ് അടർന്ന പല ഭാഗങ്ങളിലും ചെടികളും ആലും വളർന്നു. ജീവനക്കാരുടെ വിശ്രമമുറിയുടെ ഒരുഭാഗം ചോർന്നൊലിക്കുന്ന നിലയിലാണ്. താഴത്തെ നിലയിലെ ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടർ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് തുടങ്ങിയവ ഇപ്പോഴും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മൊബിലിറ്റി ഹബ് വരുന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താത്തത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടം അടക്കം പുനർനിർമിക്കുന്ന മൊബിലിറ്റി ഹബ് പദ്ധതി പ്രഖ്യാപനമാണ് ബസ്സ്റ്റാൻഡ് കെട്ടിടത്തിന് ദുർഗതി സമ്മാനിച്ചത്. 2016ലാണ് 493.06 കോടി രൂപയുടെ മൊബിലിറ്റി ഹബ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിൽ കെ.എസ്.ആർ.ടി.സി ടെർമിനലിന് 129 കോടി രൂപക്ക് ഭരണാനുമതിയുണ്ട്.
പദ്ധതി പ്രഖ്യാപനത്തിനു ശേഷം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടത്തിന്റെ ഏതാനും ഭാഗങ്ങൾ ചായം പൂശിയതല്ലാതെ മറ്റ് അറ്റകുറ്റപ്പണി നടന്നിട്ടില്ല. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ദേശീയപാതക്ക് സമീപം വളവനാട് ഗാരേജും ഉൾപ്പെടുന്നതാണു മൊബിലിറ്റി ഹബ് പദ്ധതി. ഹബ് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഹബ്ബിന്റെ നിർമാണം ആരംഭിക്കുമ്പോൾ വാഹനങ്ങൾ സൂക്ഷിക്കാൻ ഹൗസിങ്ങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വളവനാട്ടെ സ്ഥലത്ത് ഗാരേജ് നിർമാണത്തിനായി ഏഴുകോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തി. താൽക്കാലിക കെട്ടിട നിർമാണവും അഗ്നിരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കലുമാണ് ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.