അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മരിച്ചവരുടെ ബന്ധുക്കൾ
ആലപ്പുഴ: നിർമാണത്തിലിരുന്ന പാലത്തിന്റെ ഗർഡർ തകർന്നുവീണ് രണ്ടുപേർ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതെ സഹപ്രവർത്തകർ. അപകടത്തിൽ മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്ക് വടക്ക്മുറിയില്‍ മണികണ്ഠന് ചിറയില്‍ ബിനുഭവനത്തില്‍ ബിനു (42) എന്നിവരാണ് മരിച്ചത്.
ഒഴുക്കിൽപെട്ട ഒരാൾ ഉൾപ്പെടെ അഞ്ചുപേരാണ് രക്ഷപ്പെട്ടത്. മരിച്ച ബിനുവിന്റെ ജ്യേഷ്ഠ സഹോദരൻ ബിജു, കരുവാറ്റ നാരകത്തറ വിനീഷ് ഭവനം വിനിഡ്, നൂറനാട് പടനിലം സോമൻ, അന്തർസംസ്ഥാന തൊഴികളായ മിലൻ,സുമിത്ത് കീർകിത എന്നിവരാണ് രക്ഷപ്പെട്ടത്.
ശക്തമായ ഒഴുക്കിൽ മുങ്ങിതാണ രാഘവ് കാർത്തികിനെയും ബിനുവിനെയും രക്ഷിക്കാൻ ശ്രമിച്ച ബിജുവിനെ സമീപത്ത് നിർമാണത്തിലിരുന്ന ബിഹാർ സ്വദേശികൾ കയറിട്ട് നൽകിയാണ് രക്ഷിച്ചത്. ഉച്ചക്ക് നടന്ന അപകടത്തിന് പിന്നാലെ മൂന്നുമണിക്കൂറോളം തെരച്ചിൽ നീണ്ടു.
അച്ചൻകോവിലാറിലെ അതിശക്തമായ അടിയൊഴുക്കായിരുന്നു വെല്ലുവിളി. ഇതിനൊപ്പം നിറഞ്ഞ ചളിയും അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമിന് തിരിച്ചടിയായി. അടിയിൽ കിടക്കുന്ന മരക്കൊമ്പുകളും ചൂണ്ടക്കൊളുത്തുകളും തട്ടി മുറിവേറ്റു. വൈകീട്ട് 4.45ന് ബിനുവിന്റെയും 5.50ന് രാഘവിന്റെയും മൃതദേഹം കണ്ടെത്തി.
തൃക്കുന്നപ്പുഴ: ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ കൂടപ്പിറപ്പിനെ നഷ്ടമായതിന്റെ തീരവേദനയിലാണ് ബിജു. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് സഹോദരങ്ങൾ ഇരുവരും തിരിച്ചെത്തുന്നത്. തിങ്കളാഴ്ചയും സഹോദരൻ ബിജുവിന് ഒപ്പമാണ് ബിനു ജോലിക്ക് പോയത്.
മണികണ്ഠൻ ചിറയിൽ ബിനു ഭവനത്തിൽ ബിനു മികച്ച വാർക്കപ്പണിക്കാരൻ ആയിരുന്നു. 15 വർഷത്തിലധികമായി ബിനു ഈ മേഖലയിൽ ജോലിചെയ്യുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജോലി ചെയ്ത അനുഭവമുണ്ട്. മാതാപിതാക്കളായ ഗോപി, അംബുജാക്ഷി സഹോദരനായ ബിജു ബിജുവിന്റെ ഭാര്യ, മക്കൾ എന്നിവർക്കൊപ്പം കുടുംബവീട്ടിലാണ് ബിനു താമസിക്കുന്നത്.
ചെങ്ങന്നൂർ: ചെന്നിത്തല-ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന കീച്ചേരി പാലത്തിന്റെ മധ്യഭാഗത്തായുള്ള ബീമുകളിൽ ഒന്നിന്റെ അവസാന കോൺക്രീറ്റ് നടക്കുന്നതിനിടയിലാണ് 20 മീറ്ററോളം നീളം വരുന്ന ഗർഡർ തകർന്ന് അച്ചൻകോവിൽ ആറ്റിൽ പതിച്ചത്. ഉടൻതന്നെ മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിശമന രക്ഷാസേനയും സ്കൂബാ ടീമും തിരച്ചിലിന് നേതൃത്വം നൽകി.
ഹരിപ്പാട് കാർത്തികപ്പള്ളി വല്യത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാരാണ് ഇപ്പോൾ പാലത്തിന്റെ പണികൾ ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, പാലത്തിന്റെ ഗർഡർ തകര്‍ന്ന സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും വേണ്ട സുരക്ഷാ മുന്‍കരുതൽ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.