ആലപ്പുഴ: നിലവിൽ ഉപയോഗിക്കുന്നതും അല്ലാത്തതുമായ ജില്ലയിലെ 97 ആശുപത്രി കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സാഹചര്യത്തിലാണ് ജില്ലയിലേത് ഉൾപ്പെടെയുള്ള ആശുപത്രികളിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കണക്കെടുത്തത്.
പരിശോധനയിൽ തീരെ ബലമില്ലെന്ന് കണ്ടെത്തിയാൽ ആ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. മറ്റുള്ളവയിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി ബലവത്താക്കാനാണ് നിർദേശം. ജില്ലയിലെ 36 ആശുപത്രികളിലായാണ് ഇത്രയും കെട്ടിടങ്ങൾ അപകടാവസ്ഥയിലുള്ളത്. നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ മാത്രം 33 കെട്ടിടങ്ങൾ സുരക്ഷതമല്ല. പഴയ ഒ.പി ബ്ലോക്കും കുഷ്ഠരോഗികളെ താമസിപ്പിച്ചിരുന്ന ചെറുതും വലുതുമായ പഴയ ഹൗസ് കെട്ടിടങ്ങളാണ് ഇതിലേറെയും.
ആലപ്പുഴ ജനറൽ ആശുപത്രി, മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അഞ്ചുവീതം കെട്ടിടവും ബലക്ഷയമുള്ളതാണ്. ചെട്ടികാട് ഗ്രാമീണ ആരോഗ്യ പരിശീലന കേന്ദ്രത്തിന് കീഴിലുള്ള മൂന്ന് ആരോഗ്യ ഉപകേന്ദ്രമടക്കം നാലുകെട്ടിടം അപകടനിലയിലാണ്. വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നാല് ക്വാർട്ടേഴ്സ് കെട്ടിടത്തിനും കരുവ പ്രാഥമിക നഗരാരോഗ്യ കേന്ദ്രത്തിലെ നാല് കെട്ടിടത്തിനും ബലക്ഷയമുണ്ട്.
നഗര-ആരോഗ്യ ഉപകേന്ദ്രങ്ങളാണ് മിക്കയിടത്തും ബലക്ഷയമുള്ളത്. ഇവയിൽ ചിലയിടങ്ങളിൽ പ്രവർത്തനവുമുണ്ട്. പട്ടികയിലുള്ള പകുതിയിലേറെയും കെട്ടിടം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിലെ സ്ഥിരമായി കോൺക്രീറ്റ് അടർന്നുവീഴുന്ന ഐ.പി കെട്ടിടം ഈ പട്ടികയിലില്ലെന്നതും ശ്രദ്ധേയമാണ്.
കോൺക്രീറ്റ് ഇളകിവീഴുന്ന ജനറൽ ആശുപത്രിയിലെ പ്രധാന ഐ.പി സമുച്ചയം ആരോഗ്യ വകുപ്പ് തയാറാക്കിയ അപകടനിലയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ലിംബ് ഫിറ്റിങ് സെന്റർ, പവർ ലോൺട്രി, കാന്റീൻ, പാലിയേറ്റിവ് കെയർ, ഡ്രഗ് വെയർ ഹൗസ് എന്നിവ പ്രവർത്തിക്കുന്ന പഴയ കെട്ടിടങ്ങൾ മാത്രമാണ് പട്ടികയിലുള്ളത്. ഐ.പി സമുച്ചയത്തിന്റെ ഏറിയ പങ്കും കോൺക്രീറ്റ് അടർന്ന് ബലക്ഷയം നേരിടുന്നവയാണ്. എന്നിട്ടും ഇതടക്കം മറച്ചുവെച്ചുള്ള പട്ടികയാണ് ആരോഗ്യ വകുപ്പ് ജില്ല അധികൃതർക്ക് കൈമാറിയതെന്നാണ് ആക്ഷേപം.
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങൾ
- ആലപ്പുഴ ജനറൽ ആശുപത്രി- അഞ്ച് പഴയ കെട്ടിടം
- എഴുപുന്ന കുടുംബാരോഗ്യ കേന്ദ്രം- ജനകീയാരോഗ്യ കേന്ദ്രം കെട്ടിടം
- വല്ലേത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം- കോടംതുരുത്ത് ജനകീയാരോഗ്യ കേന്ദ്രം
- പുളിങ്കുന്ന് താലൂക്ക് ആശുപത്രി- പഴയ ശൗചാലയം ഉൾപ്പെടെയുള്ള രണ്ട് കെട്ടിടം
- കരുവ നഗര പ്രാഥമികാരോഗ്യ കേന്ദ്രം- നാല് കെട്ടിടം
- എടത്വ സാമൂഹികാരോഗ്യ കേന്ദ്രം- പുരുഷന്മാരുടെ വാർഡ്
- തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കന്ദ്രം- പ്രധാന കെട്ടിടവും ദന്തവിഭാഗം കെട്ടിടവും
- കലവൂർ കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- ആല കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- അരൂർ കുടുംബാരോഗ്യ കേന്ദ്രം- ജനകീയാരോഗ്യ കേന്ദ്രം കെട്ടിടം
- ആര്യാട് കുടുംബാരോഗ്യ കേന്ദ്രം- പഴയ ഒ.പി കെട്ടിടം
- ചേർത്തല സൗത്ത് കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- ദേവികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം- നാൽപത്തെണ്ണീശ്വരത്തെ ജനകീയാരോഗ്യ കേന്ദ്രം
- പുലിയൂർ കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ
- വള്ളികുന്നം കുടുംബാരോഗ്യ കേന്ദ്രം- പഴയ ഒ.പി കെട്ടിടം
- ഗവ. ഫിഷറീസ് ഡിസ്പെൻഡറി- പഴയ കെട്ടിടം
- കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം- സബ് സെന്റർ
- പള്ളിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം- തുറവൂരടക്കമുള്ള സബ് സെന്റർ
- തുറവൂർ താലൂക്ക് ആശുപത്രി- പഴയ മോർച്ചറി കെട്ടിടം
- ടി.ബി ക്ലിനിക് കരുവാറ്റ- പ്രധാന കെട്ടിടം
- മംഗലം നഗര പ്രാഥമികാരോഗ്യ കേന്ദ്രം- പ്രധാന കെട്ടിടം
- മുല്ലാത്തുവളപ്പ് നഗരപ്രാഥമികാരോഗ്യ കേന്ദ്രം- പ്രധാന കെട്ടിടം
- നെഹ്റു ട്രോഫി നഗര പ്രാഥമികാരോഗ്യ കേന്ദ്രം- പ്രധാന കെട്ടിടം
- ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രി- പഴയ പേവാർഡ്
- തണ്ണീർമുക്കം സാമൂഹികാരോഗ്യ കേന്ദ്രം- സബ് സെന്റർ (രണ്ട് കെട്ടിടം)
- മാരാരിക്കുളം നോർത്ത് കുടുംബാരോഗ്യ കേന്ദ്രം- പഴയ ശൗചാലയം (രണ്ടുകെട്ടിടം), പൂർത്തിയാകാത്ത ശൗചാലയം (രണ്ടുകെട്ടിടം)
- നൂറനാട് കുടുംബാരോഗ്യ കേന്ദ്രം- സബ് സെന്റർ (രണ്ട് കെട്ടിടം)
- മുളക്കുഴ കുടുംബാരോഗ്യ കേന്ദ്രം-സബ് സെന്റർ (രണ്ട് കെട്ടിടം)
- നൂറനാട് ലെപ്രസി സാനറ്റോറിയം- പഴയ ഹൗസ് കെട്ടിടവും ഒ.പി ബ്ലോക്കും ഉൾപ്പെടെ 33 കെട്ടിടം)
- വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം- നാല് ക്വാർട്ടേഴ്സ് കെട്ടിടം
- ചെട്ടികാട് ഗ്രാമീണ ആരോഗ്യ പരിശീലന കേന്ദ്രം- സബ് സെന്ററുകളും ആശുപത്രിയുമടക്കം നാല് കെട്ടിടം
- മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രം- ക്വാർട്ടേഴ്സ്
- ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രം- അഞ്ച് ക്വാർട്ടേഴ്സടക്കം ആറ് കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.