പെർമിറ്റില്ലാതെ ഓടിയ സ്വകാര്യബസ്​ പിന്തുടർന്ന്​ പിടികൂടി

ആലപ്പുഴ: പെർമിറ്റില്ലാതെ അപകടയാത്ര നടത്തിയ സ്വകാര്യബസ്​ ​മോട്ടോർ വാഹനവകുപ്പ്​ പിന്തുടർന്ന്​ പിടികൂടി. കൈകാണിച്ചിട്ടും നിർത്താതെ ഡ്രൈവർ മാറി യാത്ര തുടർന്ന ബസ്​ ഉദ്യോഗസ്ഥ​രെ വട്ടം ചുറ്റിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.20ന്​ നൂറനാട് പാറയിൽ ജങ്​ഷന്​ സമീപമായിരുന്നു നാടകീയ സംഭവം. കായംകുളം-അടൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ്​ പെർമിറ്റ് ഇല്ലാതെ ഓടുന്നതറിഞ്ഞ്​ പിടികൂടാൻ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. യാത്രക്കാരുമായി എത്തിയ ബസിന് കൈകാണിച്ചെങ്കിലും ഡ്രൈവർ നിർത്താതെ അതിവേഗത്തിൽ മുന്നോട്ടുപോയി. പിന്നാലെ ഉദ്യോഗസ്ഥരും. 250 മീറ്ററിലധികം അതിവേഗത്തിൽ കുതിച്ച ബസ്​ നടുറോഡിൽ നിർത്തിയിട്ട്​ ഡ്രൈവർ ഇറങ്ങിയോടി. ഇതിനിടെ, മറ്റൊരു ജീവനക്കാരൻ ബസുമായി വീണ്ടും മുന്നോട്ട്​ കുതിച്ചു. അപകടയാത്ര തടയാൻ മോട്ടോർ വാഹനവകുപ്പ്​ ഉദ്യോഗസ്ഥർ വട്ടമിട്ട്​ നിർത്തിയാണ്​ ബസ്​ തടഞ്ഞത്​. സംഭവത്തിൽ ആശങ്കയിലായ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി​വിട്ടശേഷമാണ്​ നടപടിയെടുത്തത്​. ആദ്യം ബസ്​ ഓടിച്ച ഡ്രൈവറുടെ വിവരങ്ങൾ ശേഖരിച്ചശേഷം എം.വി.ഡി ഓഫിസിലേക്ക്​ വിളിച്ചുവരുത്തി ആറുമാസത്തേക്ക്​ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെർമിറ്റ് ഇല്ലാത്തതിന് 10,500 രൂപ ബസിന് പിഴയും ഈടാക്കി. കഴിഞ്ഞ ദിവസവും മത്സരയോട്ടം നടത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എ.എം.വി.ഐമാരായ സജു പി. ചന്ദ്രൻ, സുനിൽകുമാർ, ഡ്രൈവർ അനൂപ് എന്നിവരുടെ സംഘമാണ്​ ബസ്​ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.