കള്ളിക്കാട്-കനകക്കുന്ന് പാലം ബജറ്റിൽ; പ്രതീക്ഷയുടെ ഓളമുയരുന്നു

-ആറാട്ടുപുഴ നിവാസികളുടെ ഏറെ നാളത്തെ ആവശ്യമാണിത്​ -നിർമാണച്ചെലവ് 100 കോടി ആറാട്ടുപുഴ: ആറാട്ടുപുഴയുടെ ഇരുകരയെയും ബന്ധിപ്പിക്കുന്ന കള്ളിക്കാട് -കനകക്കുന്ന് പാലത്തിന്​ ബജറ്റിൽ 100 കോടി വകയിരുത്തിയതോടെ നാട്ടുകാരുടെ പ്രതീക്ഷയുടെ ഓളമുയർന്നു. കായലിന്‍റെ ഇരുകരയിലായി താമസിക്കുന്ന ആറാട്ടുപുഴ നിവാസികളുടെ ദീർഘകാലമായ ആവശ്യമാണിത്​. ആവശ്യം നടപ്പാക്കാൻ പഞ്ചായത്ത് ഭരണാധികാരികളും രാഷ്ട്രീയപാർട്ടികളും കഴിഞ്ഞ കുറെ കാലമായി നിരന്തര പരിശ്രമത്തിലാണ്. ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയുടെ പൂർണ പിന്തുണയുണ്ട്​. പൊതുമരമാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ സ്ഥലം സന്ദർശിച്ചു മടങ്ങി. അലൈൻമെന്റ്, എസ്റ്റിമേറ്റ് എന്നിവ സർക്കാറിലേക്ക് സമർപ്പിക്കേണ്ട പ്രാരംഭ നടപടി എന്ന നിലയിലായിരുന്നു സന്ദർശനം. കനകക്കുന്നിൽനിന്ന് അൽപം വടക്കുപടിഞ്ഞാറായാണ് കള്ളിക്കാട് ജെട്ടി. കനകക്കുന്നിൽനിന്ന് നേരെ പടിഞ്ഞാറേക്കരയിലേക്ക് പാലം നിർമിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ ആയാൽ ഇരുകരയും തമ്മിലെ ദൂരം 640മീറ്ററാകും. 100 കോടിയാണ് പ്രതീക്ഷിക്കുന്ന നിർമാണച്ചെലവ്. കായംകുളം കായലിന്‍റെ കിഴക്കും പടിഞ്ഞാറും കരകളിലായാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആകെയുള്ള 18ൽ നാലുവാർഡ്​ കിഴക്കേ കരയാണുള്ളത്. പടിഞ്ഞാറേക്കരയിലെ കള്ളിക്കാട്ടും ആറാട്ടുപുഴയിലുമായാണ് പഞ്ചായത്തിലെ മിക്ക സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രവും ആയുർവേദ ആശുപത്രിയും ഗ്രാമപഞ്ചായത്ത്-വില്ലേജ് ഓഫിസുകളും കൃഷിഭവനുമെല്ലാം ഇവിടെയാണ്. റോഡ്​മാർഗം പടിഞ്ഞേറേക്കരയിൽ എത്തണമെങ്കിൽ പതിനാറ് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്. മുതുകുളത്തെ സ്കൂളുകളിൽ പടിഞ്ഞാറേക്കരയിലെ നിരവധി കുട്ടികളാണ് പഠിക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്താനും കിലോമീറ്ററുകൾ സഞ്ചരിക്കണം.14.5 കി.മീറ്ററോളം നീളമുള്ള പഞ്ചായത്തിൽ നിലവിൽ സൂനാമിക്കുശേഷം തെക്ക്​ പെരുമ്പള്ളിയിൽ നിർമിച്ച പാലം മാത്രമാണുള്ളത്. ഇതല്ലാതെ മറുകര കടക്കണമെങ്കിൽ വടക്ക് തൃക്കുന്നപ്പുഴയെത്തണം. ഇതിന് മധ്യഭാഗത്തായി പാലം നിർമിക്കണമെന്ന് സ്വാതന്ത്ര്യലബ്ധിക്കാലം മുതലേ ആവശ്യപ്പെടുന്നതാണ്. വെട്ടത്തുകടവിൽ പാലം നിർമിക്കണമെന്നായിരുന്നു ആദ്യ ആവശ്യമുയർന്നത്. ഇടതുമുന്നണിയുടെ നേതൃത്വത്തിലെ പുതിയ പഞ്ചായത്ത് ഭരണസമിതിയാണ് കനകക്കുന്നിൽ പാലം നിർമിക്കണമെന്ന ആവശ്യവുമായി വീണ്ടും സംസ്ഥാന സർക്കാറിനെ സമീപിച്ചത്. തുടർഭരണം കിട്ടിയാൽ പാലം നിർമിക്കാമെന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഉറപ്പുനൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. സജീവൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലെ സംഘം സർക്കാറിനെ സമീപിച്ചത്. അടുത്ത ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. അടുത്തിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വലിയഴീക്കൽ പാലം സന്ദർശിക്കാൻ ആറാട്ടുപുഴയിൽ എത്തിയപ്പോൾ പ്രമേയവും നിവേദനവും നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.