കോവിഡ്​ വാർഡുകൾ നിറഞ്ഞു; ആലപ്പുഴ മെഡിക്കല്‍ കോളജിൽ രോഗികൾ ക്യൂവിൽ

രോഗം ഭേദമായവരെ ഡിസ്ചാർജ്​ ചെയ്തശേഷം കാത്തുനിൽക്കുന്ന പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ട അവസ്ഥ അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡുകള്‍ നിറഞ്ഞതോടെ രോഗികളും ആശുപത്രി അധികൃതരുമായി തർക്കം പതിവാകുന്നു. ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കോവിഡ്​ പിടിയിലായതോടെ പുതിയ കോവിഡ് വാര്‍ഡുകള്‍ തുറക്കാനാകാതെ വന്നതാണ്​ പ്രശ്നം. രോഗം ഭേദമായവരെ ഡിസ്ചാര്‍ജ് ചെയ്തശേഷം കാത്തുനിൽക്കുന്ന പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാണിപ്പോൾ. ഇതോടെ കോവിഡ് ബാധിച്ച് എത്തുന്നവര്‍ മണിക്കൂറോളം ആംബുലന്‍സില്‍ തങ്ങേണ്ടി വരുന്നത്​ സംഘർഷത്തിൽ കലാശിക്കുന്നു​. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ കോവിഡ് രോഗി ആംബുലന്‍സില്‍ ഒരു മണിക്കൂറോളം ഇരിക്കേണ്ടിവന്നത് ആംബുലന്‍സ് ഡ്രൈവറും ജീവനക്കാരുമായി വാക്കേറ്റത്തിന് ഇടയാക്കി. വാര്‍ഡില്‍ കിടക്കകള്‍ ഒഴിവില്ലാത്തതാണ് രോഗിയെ പ്രവേശിപ്പിക്കാന്‍ വൈകിയത്. രോഗം ഭേദമായ ഒരാളുടെ കിടക്ക ഒഴിവാക്കിയതിന് ശേഷമാണ് ആംബുലന്‍സില്‍നിന്ന്​ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ 4, 5 വാര്‍ഡുകളിലായി 130 കിടക്കകളാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയത്. ഐ. സി യൂനിറ്റില്‍ 10, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി 30, ജനറലായി 80 കിടക്കകളുമായാണ് ക്രമീകരിച്ചത്. മുഴുവന്‍ കിടക്കകളിലും രോഗികളായെങ്കിലും ജീവനക്കാരില്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ പുതിയ വാര്‍ഡുകള്‍ തുറക്കാനുമാകുന്നില്ല. രോഗം ഭേദമായവരുടെ കിടക്കകള്‍ ഒഴിവാകുന്ന മുറക്ക് മാത്രമാണ്​ പ്രവേശനം. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കോവിഡ് രോഗികളെ കൊണ്ടുവരുന്നതിന് മുമ്പ്​ കിടക്ക ഉറപ്പ് വരുത്തണമെന്ന നിർദേശം ഡി.എം.ഒ മറ്റ് ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. ഇത് പാലിക്കപ്പെടുന്നില്ലെന്ന് അധികൃതർ പറഞ്ഞു. അത്യാസന്ന നിലയില്‍ അല്ലാത്ത കോവിഡ് ബാധിതര്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടണമെന്നും നിർദേശിച്ചിട്ടുണ്ട്​. ആലപ്പുഴ ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കിടക്കകള്‍ ഒഴിവുണ്ടെങ്കിലും പലരും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് എത്തുന്നത്. ഇത് അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ ചികിത്സക്ക് തടസ്സമാകുന്നുമുണ്ട്​. ---- (ചിത്രം....മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.