സി.ഡി.എസ് തെരഞ്ഞെടുപ്പ്​: അംഗങ്ങൾ വിട്ടുനിൽക്കാൻ സി.പി.എം നിർദേശം

അമ്പലപ്പുഴ: തെരഞ്ഞെടുക്കപ്പെട്ട എ.ഡി.എസ് അംഗങ്ങൾ സി.ഡി.എസ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകിയത് വിവാദമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതിയിൽപെട്ട രണ്ട് വനിത അംഗങ്ങൾക്കാണ് സി.പി.എം ലോക്കൽ കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് കത്ത് നൽകിയത്. ഈ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത്​ അംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ് എ.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വവുമായി തർക്കത്തിലാണ്‌. നിലവിലെ സി.ഡി.എസ് ചെയർപേഴ്സനെ വീണ്ടും തെരഞ്ഞെടുക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനെ എതിർത്ത ഹാരിസ് വാർഡിൽ നടന്ന എ.ഡി.എസ് തെരഞ്ഞെടുപ്പിൽ സമാന്തര പാനൽ അവതരിപ്പിച്ച് ഈ വനിത നേതാവിനെ പരാജയപ്പെടുത്തിയിരുന്നു. പാർട്ടി അവതരിപ്പിച്ച 11 അംഗ പാനലിൽ മൂന്നുപേർ മാത്രമാണ് വിജയിച്ചത്. ഇവരെല്ലാം ഹാരിസിന്‍റെ അനുഭാവികളായാണ്​ അറിയപ്പെടുന്നത്​. ഇതിലെ രണ്ട്​ അംഗങ്ങൾ എ.ഡി.എസ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്. പരാജയപ്പെട്ട വനിത നേതാവിനെ എ.ഡി.എസിൽ തിരുകിക്കയറ്റാനാണ് ഈ നീക്കമെന്ന്​ ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.