ഡീസൽ ക്ഷാമം, വെള്ളപ്പൊക്കം: സർവിസ്​ വെട്ടിക്കുറച്ച് കെ.എസ്​.ആർ.ടി.സി

-ചൊവ്വാഴ്ച വരെയാണ്​ നിയന്ത്രണം -യാത്രക്ലേശം വർധിക്കും ആലപ്പുഴ: ഡീസൽ ക്ഷാമം കണക്കിലെടുത്ത് കെ.എസ്​.ആർ.ടി.സി സർവിസ്​ വെട്ടിക്കുറക്കുന്നു. ഡിപ്പോകളിൽ കുറച്ച്​ ദിവസത്തേക്കുകൂടി ഡീസലുണ്ടെങ്കിലും മുൻകരുതലെന്ന നിലയിലാണ് മാനേജ്മെന്റ് നിർദേശ പ്രകാരമുള്ള നടപടി. കനത്ത മഴ കണക്കിലെടുത്തും ബസുകൾ​ കുറച്ചതോടെ അത്യാവശ്യ യാത്രക്കാർ ബുദ്ധിമുട്ടിലായി. പല റൂട്ടിലും ഏറെനേരം കഴിഞ്ഞാണ്​ ബസ്​ കിട്ടുന്നത്​. ഡീസൽ ക്ഷാമം കണക്കിലെടുത്ത്​ ശനി, ഞായർ ദിവസങ്ങളിൽ സർവിസ്​ കുറക്കാൻ നിശ്ചയിച്ചതനുസരിച്ചും കൂടുതൽ വരുമാനം ലഭിക്കുന്ന തിങ്കളാഴ്ച സർവിസ്​ കൃത്യമായി നടത്താനുമാണ്​ മൂന്ന്​ ദിവസമായി ബസുകളുടെ എണ്ണം കുറച്ചതെന്ന്​ അധികൃതർ സൂചിപ്പിച്ചു. ചൊവ്വാഴ്ച വരെയാണ്​ തൽക്കാലം സർവിസ് നിയന്ത്രണം തീരുമാനിച്ചത്​. വരുംദിവസങ്ങളിൽ സ്ഥിതി ഗുരുതരമാകുമെന്നാണ്​ സൂചന. കനത്ത മഴ കാരണം സർവിസ്​ കുറച്ചിട്ടുമുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വെള്ളപ്പൊക്കവും മഴയും കാരണം ആലപ്പുഴ ഡിപ്പോയിൽനിന്ന്​ 12 സർവിസാണ്​ റദ്ദാക്കിയത്​. ആകെയുള്ളത് 64 സർവിസ്​. വെള്ളപ്പൊക്കം ബാധിച്ച കുട്ടനാട് ഭാഗത്തേക്കുള്ളവയാണ് പ്രധാനമായും നിർത്തലാക്കിയത്. അമ്പലപ്പുഴ -തിരുവല്ല റോഡിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറിയതിനാൽ ആലപ്പുഴയിൽനിന്നുള്ള തിരുവല്ല ബസുകളും നിർത്തി. അർത്തുങ്കൽ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശ റൂട്ടുകളിൽ സർവിസ് നടത്തിക്കൊണ്ടിരുന്ന ബസുകളിൽ പലതും നിർത്തി. യാത്രക്കാർ കുറവായതാണ് ഇവ നിർത്തലാക്കാൻ കാരണം. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ബസ് ഓടാത്തതിനാൽ ആലപ്പുഴ ഡിപ്പോയിൽനിന്ന് മുഹമ്മ - കുമരകം വഴി കോട്ടയത്തിന് ഒമ്പത്​ അധിക സർവിസ്​ നടത്തുന്നുണ്ട്. മാവേലിക്കര ഡിപ്പോയിൽ രണ്ട്​ ദിവസമായി രണ്ട്​ കരുനാഗപ്പള്ളി, ആലപ്പുഴ ഓർഡിനറി സർവിസ്​ റദ്ദാക്കി. ശനിയാഴ്ച അഞ്ചെണ്ണമാണ്​ റദ്ദാക്കിയത്​. നിലവിൽ മൂന്ന്​ സൂപ്പർ, എട്ട്​ ഫാസ്റ്റ്, 16 ഓർഡിനറി ബസുകളാണ്​ ദിവസവും സർവിസ് നടത്തുന്നത്. ഇവയിൽ ചിലത്​ മഴയുടെ പശ്ചാത്തലത്തിൽ ഓടിയില്ല. ഡിപ്പോയിൽ 1500 ലീറ്ററോളം ഡീസൽ സ്റ്റോക്കുണ്ട്. ചെങ്ങന്നൂർ ഡിപ്പോയിൽ 4700 ലീറ്റർ ഡീസൽ സ്റ്റോക്കുണ്ടെങ്കിലും ഇനി ചൊവ്വാഴ്ചയേ ഡിപ്പോയിലേക്ക് ഡീസൽ എത്തൂ. ഇതോടെ ഞായറാഴ്ച നാലിലൊന്ന്​ മാത്രം സർവിസേ ഉണ്ടാകൂ. 35 എണ്ണമാണ്​ ഡിപ്പോയിനിന്നുള്ളത്. ഹരിപ്പാട് ഡിപ്പോയിൽ ഇന്ധനക്ഷാമം ഇല്ലെങ്കിലും വരുമാനം കുറഞ്ഞ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ഹരിപ്പാട് -വീയപുരം റൂട്ടിൽ ഒരു ഓർഡിനറി സർവിസും ഹരിപ്പാട് -കോട്ടയം റൂട്ടിൽ രണ്ട്​ സർവിസുമാണ് വെട്ടിക്കുറച്ചത്. കുട്ടനാട് -അപ്പർ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം സർവിസിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ചേർത്തല ഡിപ്പോയിൽനിന്ന് എട്ട്​ ഓർഡിനറി സർവിസ്​ മുടങ്ങി. ചേർത്തല -കുമരകം വഴി കോട്ടയം, ചേർത്തല -മുഹമ്മ, ചേർത്തല -ആലപ്പുഴ, ചേർത്തല -ഹൈകോടതി സർവിസുകളാണ് മുടങ്ങിയത്. ഇവിടെയും ഡീസൽ ക്ഷാമമുണ്ട്. രണ്ട്​ ദിവസമായി ലോഡ് എത്തിയിട്ടില്ല. ഇക്കാരണത്താൽ ചേർത്തല പമ്പിൽനിന്ന് പൊതുജനങ്ങൾക്ക് ഡീസൽ നൽകുന്നില്ല. കായംകുളം ഡിപ്പോയിൽ ഡീസൽ സംഭരിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ചയും സർവിസ്​ വെട്ടിക്കുറക്കും. വരുമാനം കൂടുതലുള്ള ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റും ഞായറാഴ്ച വൈകീട്ടോടെ കൂടുതലായി ഓടിത്തുടങ്ങും. തിങ്കളാഴ്ച യാത്രക്കാർ വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവിസ്​ രാവിലെ മുതൽ നടത്തും.‌‌ ഞായറാഴ്ച ഡിപ്പോയിൽനിന്ന് പകുതി ഓർഡിനറി സർവിസുകളും ഉണ്ടാകില്ല. ചെയിൻ സർവിസുള്ള കെ.പി റോഡിലും കരുനാഗപ്പള്ളി, ഹരിപ്പാട് റൂട്ടിലും സർവിസുകളിൽ കാര്യമായ വെട്ടിക്കുറവ്​ വരുത്തിയേക്കില്ല. ആലപ്പുഴ ഡിപ്പോയിൽ തൽക്കാലം ഡീസൽ ക്ഷാമമില്ല. ദിവസം 4000 - 5000 ലീറ്റർ ഡീസലാണ്​ വേണ്ടത്​. 6300 ലിറ്റർ സ്റ്റോക്കുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.