തുഴയെറിഞ്ഞ്​ നേടാൻ കോപ്പിലാറ്റിസ് ജലകായിക ക്ലബ്

ആലപ്പുഴ: തുഴക്കാരൻ എന്ന്​ അർഥം വരുന്ന കോപ്പിലാറ്റിസ്‌ എന്ന ഗ്രീക്ക് വാക്കിൽനിന്ന്​ രൂപമെടുത്ത പുതിയ ജലകായിക സംരംഭവുമായി യുവാക്കൾ. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കൂടുതൽ അവസരം ലഭിക്കുന്ന നിലയിൽ കനോയിങ്, കയാക്കിങ് സാധ്യതകൾ കുട്ടനാട്ടിലേക്ക് എത്തിക്കാനാണ്​ പള്ളാത്തുരുത്തി, പുന്നമട കേന്ദ്രീകരിച്ച്​ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് കോപ്പിലാറ്റിസ് എന്ന കായിക സംഘടനക്ക്​ തുടക്കമിട്ടത്​. കുട്ടനാട്ടിലെ വിദ്യാർഥികൾക്ക് വീട്ടുമുറ്റത്ത് പരിശീലനത്തിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ഭാവിയിൽ അക്കാദമിയായി ഇത് വികസിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. സാഹസികത ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക്​ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തി ലൈഫ് ജാക്കറ്റുകളുടെയും മികച്ച ലൈഫ് ഗാർഡുകളുടെയും സഹായത്തോടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ സൗകര്യവും സംഘടന ഒരുക്കും. സാഹസിക ഉത്തരവാദിത്ത ടൂറിസത്തിന്റെ അനന്തസാധ്യതകൾ കൂടുതൽ ജനപ്രിയമാക്കാനും ഉദ്ദേശിക്കുന്നു. ജലകായിക രംഗത്തുള്ള കുട്ടനാട്ടിലെ മുൻ കായികതാരങ്ങളുടെ സഹായത്തോടെ പുതിയ കുട്ടികളെ വാർത്തെടുക്കാനുള്ള സംരംഭങ്ങൾ ശക്തമായ നിലയിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മികച്ച നിലവാരത്തിലുള്ള ഇരുപതോളം ബോട്ടുകളാണ് ഇതിനായി രംഗത്തിറക്കിയിട്ടുള്ളത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു ഉദ്ഘാടനം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഒന്നാം തുഴക്കാരൻ കനീഷിന് തുഴ കൈമാറി നിർവഹിച്ചു. നവാസ് ബഷീർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ശ്വേത എസ്. കുമാർ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അഡ്വ. കുര്യൻ ജയിംസ്, പഞ്ചായത്ത് അംഗം ശാലിനി ലൈജു, ശശിധരൻ ഓണമ്പള്ളി, സുനീർ, സുനിൽ, രതി സുരേഷ്, സി. സജീവ് എന്നിവർ സംസാരിച്ചു. ജലഘോഷയാത്ര നാഷനൽ ഗെയിംസ് സ്വർണമെഡൽ ജേതാവ് മനോജ് പവിത്രൻ ഫ്ലാഗ്ഓഫ് ചെയ്തു. കോപ്പിലാറ്റിസ് സെക്രട്ടറി ദാമു പ്രസാദ് നന്ദി പറഞ്ഞു. APL JALAKAYIKA CLUB കോപ്പിലാറ്റിസ് ജലകായിക ക്ലബിന്‍റെ ഉദ്ഘാടനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ്​ വി.ജി. വിഷ്ണു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.