കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന നിലപാടിൽ അയവുവരുത്തി മുസ്ലിം ലീഗ്. പുതിയ തീരുമാനമനുസരിച്ച്, മൂന്നുതവണ പൂർത്തിയാക്കി, കഴിഞ്ഞതവണ മത്സരത്തിൽനിന്ന് മാറിനിന്ന നേതാക്കൾക്ക് പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങൾക്കും അനിവാര്യമാണെങ്കിൽ മത്സരിക്കാം. എന്നാൽ, അത്തരം നേതാക്കൾക്ക് ബന്ധപ്പെട്ട വാർഡ് കമ്മിറ്റിയുടെയും പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെയും നിയോജക മണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശിപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക പരിഗണന നൽകി മത്സരത്തിന് അനുമതി നൽകുക. അതേസമയം, മൂന്ന് തവണയിലധികം ജനപ്രതിനിധികളായവർക്ക് ഈ പരിഗണന ഉണ്ടാകില്ലെന്നും സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം ജില്ല കമ്മിറ്റികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന സുപ്രധാന തീരുമാനം പാർട്ടി എടുത്തത്. എന്നാൽ, ഇത് ചില പ്രദേശങ്ങളിൽ പാർട്ടിയുടെ ജയ സാധ്യതകൾക്ക് മങ്ങലേൽപിച്ചതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം ഇളവിന് തയാറായത്.
ഒരു പ്രദേശത്ത് പ്രത്യേക വ്യക്തി സ്ഥാനാർഥിയായില്ലെങ്കിൽ സീറ്റ് നഷ്ടപ്പെടുമെന്ന അവസ്ഥയിലോ, നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ അയാളിലൂടെ കഴിയുമെന്ന സാഹചര്യത്തിലോ ഏകകണ്ഠമായ തീരുമാനമുണ്ടാവുകയാണെങ്കിൽ അത്തരം വ്യക്തികൾക്കായിരിക്കും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ മത്സരിക്കാൻ അനുമതിയുണ്ടാവുക. ജില്ലകളിലും മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും രൂപവത്കരിച്ച പാർലമെന്ററി ബോർഡുകളിൽ വനിത പ്രാതിനിധ്യം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ല പാർലമെന്ററി ബോർഡിലേക്കും വനിത ലീഗിന്റെ സംസ്ഥാന ഭാരവാഹികളെയും നിയോഗിച്ചു.
പി. സഫിയ (കാസർകോട്), സാജിദ ടീച്ചർ (കണ്ണൂർ), ജയന്തി രാജൻ (വയനാട്), അഡ്വ. പി. കുൽസു (കോഴിക്കോട്), സുഹ്റ മമ്പാട് (മലപ്പുറം), ഷംല ഷൗക്കത്ത് (പാലക്കാട്), അഡ്വ. നഫീസ (തൃശൂർ), സാജിത നൗഷാദ് (എറണാകുളം), ബ്രസീലിയ ഷംസുദ്ദീൻ (ഇടുക്കി), ഷാഹിന നിയാസി (ആലപ്പുഴ), സറീന ഹസീബ് (കോട്ടയം), ഷീന പടിഞ്ഞാറ്റകര (പത്തനംതിട്ട), മീര റാണി (കൊല്ലം), സബീന മറ്റപ്പള്ളി (തിരുവനന്തപുരം) എന്നിവർക്കാണ് ജില്ലതല ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.