എറണാകുളം മാറുമോ മറിയുമോ?

കൊച്ചി: ത്രിതല പഞ്ചായത്തുകളിൽ യു.ഡി.എഫിന് മേൽക്കൈയുള്ള എറണാകുളം ജില്ലയിൽ എൽ.ഡി.എഫ് കരുത്ത് കാട്ടാൻ ലക്ഷ്യമിട്ട് നിലയുറപ്പിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിന് വീറും വാശിയും കൂടുതലാണ്. സംസ്ഥാന സർക്കാറിനെതിരായ ജനവികാരം വോട്ടാക്കി മാറ്റാമെന്ന് യു.ഡി.എഫും സർക്കാറിന്‍റെ വികസനനേട്ടങ്ങളെ ജനം മറക്കില്ലെന്ന് എൽ.ഡി.എഫും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ ഇക്കുറി തങ്ങൾക്ക് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് എൻ.ഡി.എയും കണുക്കുകൂട്ടുന്നു.

13,88,544 സ്ത്രീകളും 12,79,170 പുരുഷന്മാരും 32 ട്രാൻസ്ജെൻഡർമാരുമടക്കം 26,67,746 വോട്ടർമാരാണ് ജില്ലയിലുള്ളത്. 131 പ്രവാസി വോട്ടർമാരുമുണ്ട്. നിലവിൽ കൊച്ചി കോർപറേഷനൊഴികെ യു.ഡി.എഫിനാണ് മേൽക്കൈ. കോർപറേഷനിലെ 74 ഡിവിഷനുകളിൽ 38ഉം എൽ.ഡി.എഫിനാണ്. ജില്ല പഞ്ചായത്തിലെ 27 ഡിവിഷനുകളിൽ 16ഉം 13 നഗരസഭകളിൽ ഒമ്പതും 14 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴും 82 ഗ്രാമപഞ്ചായത്തുകളിൽ 48ഉം യു.ഡി.എഫിന്‍റെ കൈവശമാണ്. കോർപറേഷനിൽ 2020ൽ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്.

വിമതശല്യം ഇരുമുന്നണികളെയും കുഴക്കുന്നുണ്ട്. എങ്കിലും റിബൽ ഭീഷണി കൂടുതൽ കോൺഗ്രസിനാണ്. കോർപറേഷനിൽ പത്തിടത്താണ് യു.ഡി.എഫിന് വിമതഭീഷണി. ബി.ജെ.പിക്ക് ഒരു ഡിവിഷനിലും വിമത ഭീഷണിയുണ്ട്. നഗരസഭകളിലും പഞ്ചായത്തുകളിലും യു.ഡി.എഫിനൊപ്പം എൽ.ഡി.എഫിനും വിമതർ വെല്ലുവിളി ഉയർത്തുന്നു. യു.ഡി.എഫിന്‍റെ ഉറച്ച സീറ്റായ ജില്ല പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ അഡ്വ. എൽ.സി. ജോർജിന്‍റെ നാമനിർദേശ പത്രിക തള്ളിയത് മുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

45 പഞ്ചായത്തുകളിലായി 559 വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിൽ 34 ഇടത്തും ജില്ല പഞ്ചായത്തിൽ നാലിടത്തും മൂന്ന് നഗരസഭകളിലായി 67 ഡിവിഷനുകളിലും ഇത്തവണ ട്വന്‍റി20 മത്സരിക്കുന്നുണ്ട്. എന്നാൽ, 2020ൽ കൊച്ചി കോർപറേഷനിലെ 59 ഡിവിഷനുകളിൽ മത്സരിച്ച് 20,000ലേറെ വോട്ട് നേടിയ വി-ഫോർ കൊച്ചി ഇത്തവണ ഒരുപഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും മാത്രമാണ് മത്സരിക്കുന്നത്. 2020ൽ ചെല്ലാനം പഞ്ചായത്തിലെ എട്ട് വാർഡുകളിലും ബ്ലോക്ക് പഞ്ചായത്തിൽ ഒരുസീറ്റിലും വിജയിച്ച ചെല്ലാനം ട്വന്‍റി20 കൂട്ടായ്മ ഇത്തവണ മത്സരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

Tags:    
News Summary - local body election in eranakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.