തെക്കൻ ​ത്രില്ലർ; പച്ചതൊടാൻ യു.ഡി.എഫ്, ഇടിവ് തടയാൻ ഇടത്

തിരുവനന്തപുരം: തിളച്ചുമറിയുന്ന രാഷ്ട്രീയവും കടിഞ്ഞാണില്ലാത്ത പ്രതീക്ഷകളുമായി തെക്കൻ കേരളത്തിലെ കലാശത്തിലേക്കടുക്കുമ്പോൾ കാറ്റുപോലെ ചുറ്റിത്തിരിയുകയാണ് മുന്നണികൾ. പാർട്ടികളുടെ തളർച്ചക്കും പടർച്ചക്കും കളമൊരുക്കിയ മലയോരക്കാറ്റ് ഇരുമുന്നണികളുടെയും മനംമയക്കി ചുരമിറങ്ങുമ്പോൾ തീരത്തെ ചൂട് പിടിപ്പിച്ചും പ്രതീക്ഷകളെ തകിടം മറിച്ചും വീശിയടിക്കുകയാണ് കടൽക്കാറ്റ്.

പ്രാദേശിക സാഹചര്യങ്ങൾ പ്രധാന പരിഗണനെയങ്കിലും ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും ആളിക്കത്തിച്ച് പ്രതിപക്ഷവും ക്ഷേമാനുകൂല്യങ്ങൾ നിരത്തി പ്രതിരോധക്കോട്ട തീർത്ത് ഭരണപക്ഷവും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും കളം നിറഞ്ഞ തെരഞ്ഞെടുപ്പിൽ പൊതുരാഷ്ട്രീയം സജീവ ചർച്ചയായെന്നതും വ്യക്തം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി ആകെ 594 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇവയുടെ ആകെക്കണക്കെടുത്താൽ 377ലും നിലവിൽ ഇടത് ആധിപത്യമാണ്. 202 ഇടത്ത് യു.ഡി.എഫും എട്ടിടത്ത് ബി.ജെ.പിയും അധികാരം കൈയാളുമ്പോൾ ട്വന്‍റി ട്വന്‍റി നാല് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതികൾ നിയന്ത്രിക്കുന്നുണ്ട്. ഈ അധികാര സമവാക്യങ്ങളുടെ ആകെത്തുകയിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഇടതുമുന്നണി കൈയാളുന്ന അധികാരമേൽകൈക്ക് ഇടിവും കുറവുമുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിലെ മണ്ഡലങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയതിന്‍റെ ആത്മവിശ്വാസമാണ് യു.ഡി.എഫിന്‍റെ രാഷ്ട്രീയ നിക്ഷേപം. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തേരോട്ടത്തിന് പിന്നാലെ തദ്ദേശത്തെരഞ്ഞെടുപ്പിൽ കളം തിരിച്ചു പിടിച്ചുവെന്നതും താഴേത്തട്ടിലെ സംഘടന സംവിധാനത്തിന്‍റെ കാര്യക്ഷമതയുമാണ് ഇടതുമുന്നണിയുടെ പിടിവള്ളി.

സ്കോർ കാർഡിലെ രാഷ്ട്രീയ വെല്ലുവിളി

ഏഴ് ജില്ല പഞ്ചായത്തുകളിൽ ആറിടത്തും നിലവിൽ എൽ.ഡി.എഫിനാണ് ആധിപത്യം. എറണാകുളത്ത് യു.ഡി.എഫും. ഈ ആറും നിലനിർത്തൽ സി.പി.എമ്മിന്‍റെ സ്കോർ കാർഡിൽ നിർണായകമാണ്. ആറിൽ ഒന്ന് കുറഞ്ഞാൽ എൽ.ഡി.എഫിന് രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തുമെങ്കിൽ ഒരെണ്ണം അധികം നേടുന്നത് യു.ഡി.എഫിനെ സംബന്ധിച്ച് നേട്ടമാകും. ഈ സാഹചര്യം രാഷ്ട്രീയ സ്കോർ കാർഡിൽ യു.ഡി.എഫിന്റെ സാധ്യതയും ഇടതുമുന്നണിയുടെ വെല്ലുവിളിയുമാണ്. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. ജില്ല പഞ്ചായത്തുകളുടെ കാര്യത്തിൽ മാത്രമല്ല, മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെ കണക്കിലും ഇത് ബാധകവുമാണ്.

മാണി കോൺഗ്രസിന്‍റെ ചുവടുമാറ്റമാണ് കഴിഞ്ഞവട്ടം ഇടുക്കിയിലും പത്തനംതിട്ടയിലും ഇടത് അനുകൂല തരംഗമുണ്ടാക്കിയത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് നടുവിലുള്ള മലയോര ജില്ലകളിൽ മാണി കോൺഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയ മാറ്റുരയ്ക്കൽ കൂടിയാണ് ഈ തദ്ദേശപ്പോര്. തൃക്കാക്കരയും പുതുപ്പള്ളിയും പിന്നാലെ ലോക്സഭയിലുമെല്ലാം മുന്നണിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്ന സാഹചര്യത്തിൽ വിശേഷിച്ചും. രാഷ്ട്രീയത്തിന്‍റെ പവർ ഹൗസായി ഇടുക്കിയിൽ പി.ജെ. ജോസഫ് നേരിട്ടിറങ്ങി മഹാസംഗമമടക്കം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഇതിനോട് ചേർത്തുവായിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ ഉടുമ്പൻചോലയിലെ ലീഡ് ശുഭസൂചനയായാണ് യു.ഡി.എഫ് കരുതുന്നത്.

ആദ്യ സ്ഥാനാർഥി പട്ടിക, പിന്നാലെ ശബരിമല, ക്ഷേമപെൻഷൻ..

സി.പി.എമ്മിനെ പോലും ഞെട്ടിച്ച് യു.ഡി.എഫ് ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളും ഒപ്പം കൊച്ചിയും ഒന്നാം ഘട്ടത്തിലാണ് വിധിയെഴുതുക. മൂന്നു കോർപറേഷനുകളും നിലവിൽ ഇടതുമുന്നണിക്കൊപ്പമാണെങ്കിലും ചരിത്രം തിരുത്താൻ കാര്യമായി വിയർപ്പൊഴുക്കുകയാണ് യു.ഡി.എഫ്. സംഘടനാപരമായ പരിമിതികളും വിമത പ്രശ്നങ്ങളും എങ്ങനെ മറികടക്കുന്നു എന്നതുകൂടിയാണ് കോൺഗ്രസിന്റെ വിജയപ്രതീക്ഷകളെ നിർണയിക്കുക. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദങ്ങൾ പൊള്ളിപ്പടരാൻ സാധ്യതയേറെയുള്ള പത്തനംതിട്ടയിൽ കരുതലോടെയാണ് സി.പി.എം നീക്കങ്ങൾ. എൻ.ഡി.എ അധികാരം കയ്യാളുന്ന തെക്കൻ കേരളത്തിലെ ഏക മുൻസിപ്പാലിറ്റിയായ പന്തളത്തും പൊടിപാറും പോരാണ്.

രാമങ്കരിയിൽ നിന്ന് തൃക്കരുവ വഴി കൊട്ടാരക്കരയിലേക്ക്

സി.പി.എം വിമതർ സി.പി.ഐയിൽ ചേർന്ന് മത്സര രംഗത്തുള്ള രാമങ്കരിയടക്കം സംഭവബഹുലമാണ് ആലപ്പുഴ. ഈ ആഭ്യന്തര പ്രശ്നം അഞ്ച് പഞ്ചായത്തുകളെയെങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിയമസഭയിൽ ഇടതിനൊപ്പമെങ്കിലും ലോക്സഭയിൽ യു.ഡി.എഫിനൊപ്പം ചേർന്ന ആലപ്പുഴയുടെ മനസ് അവ്യക്തമാണ്. വ്യക്തമായ ആധിപത്യമുള്ള എറണാകുളത്ത് വലിയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. തെക്കൻ ജില്ലകളിൽ യു.ഡി.എഫിന് ഒപ്പമുള്ള ഏക ജില്ലാ പഞ്ചായത്ത് ഇവിടത്തേതാണ്. കനത്ത ഇടതു തരംഗമുണ്ടായ 2021 ൽ 14 ൽ ഒൻപത് നിയമസഭ സീറ്റിലും യു.ഡി.എഫ് വിജയിച്ചിരുന്നു. മാത്രമല്ല, പ്രതിപക്ഷ നേതാവിനടക്കം 2016 നേക്കാൾ ഭൂരിപക്ഷവും ഉണ്ടായിരുന്നു. പിന്നാലെ ലോക്സഭയിലും വിജയാവർത്തനം. ഇതാണ് തദ്ദേശപ്പോരിലും യു.ഡി.എഫിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.

കേരള കോൺഗ്രസ് മാണി-ജോസഫ് വിഭാഗങ്ങൾ നേർക്ക് നേർ മല്ലിടുന്ന കോട്ടയത്ത് നില മെച്ചപ്പെടുത്താനുള്ള ജീവൻ മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്. അതേ സമയം മാണി കോൺഗ്രസിൽ വിശ്വാസമർപ്പിച്ച് സി.പി.എം വലിയ ആത്മവിശ്വാസത്തിലും. ശക്തമായ ത്രികോണപ്പോരുള്ള തിരുവനന്തപുരം കോർപറേഷനിൽ കക്ഷി നിലയിൽ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയെ തള്ളി എൽ.ഡി.എഫിനോപ്പം നേർക്ക് നേർ പോരിലാണ് യു.ഡി.എഫ്. തുടക്കത്തിലെ ആക്കവും ആവേശവും യു.ഡി.എഫിന് നിലനിർത്താനായോ എന്നതാണ് കൊല്ലത്തെ സന്ദേഹം. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പഞ്ചായത്തായ തൃക്കരുവയിൽ പാർട്ടിക്ക് വിമതശല്യമുണ്ടായതും രാഷ്ട്രീയ കൗതുകം. ഒപ്പം കൊട്ടാരക്കയിൽ കോൺഗ്രസ് -ബിയും സി.പി.എമ്മും നേർക്ക് നേർ മത്സരരംഗത്തുണ്ട്.

സ്ഥാനാര്‍ഥിക്ക് സ്വന്തം ചെലവില്‍ വീഡിയോ ചിത്രീകരണം നടത്താം

തിരുവനന്തപുരം: പ്രശ്‌ന ബാധിത ബൂത്തുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ വീഡിയോ ചിത്രീകരണം നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. കള്ളവോട്ട് അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് നടപടി. ഇതിനായി വരാണാധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കളക്ടര്‍മാര്‍ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഇതിന് അനുവാദം നല്‍കാം. ഇതിനുള്ള ചെലവും സ്ഥാനാര്‍ഥിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും.

ശബരിമല വിഷയം: ലഘുലേഖക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ‘ബി.ജെ.പി കേരളം’ വിതരണം ചെയ്യുന്നു എന്നാരോപിച്ചുള്ള പരാതിയിൽ സൂചിപ്പിക്കുന്ന ലഘുലേഖക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ആരംഭിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കമീഷന് ലഭിച്ച പരാതിയോടൊപ്പം സമർപ്പിച്ച ലഘുലേഖ, കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 124, കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 148 പ്രകാരമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. 

നിയമവ്യവസ്ഥകൾ പാലിക്കാത്ത ഈ ലഘുലേഖകൾ കണ്ടെത്തിയാൽ ഉടൻ നശിപ്പിക്കാനും നിയമാനുസൃത നടപടിയെടുക്കാനും കമ്മീഷൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.