വയനാട് പുനരധിവാസത്തിന് വായ്പ: കേന്ദ്ര സര്‍ക്കാറിന്‍റെ നടപടി ക്രൂരവും മാന്യതയില്ലാത്തതുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കല്‍ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ .സുധാകരന്‍ എം.പി. വായ്പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികവും വയനാട് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം ഈ വായ്പ ഒരു കാരണവശാലം ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ജനതയെയും വയനാടിനെയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ദ്രോഹിക്കുകയാണ്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിവേചനമാണ് മോദി ഭരണകൂടം കാട്ടുന്നത്. കേരളം വയനാട് പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അവശ്യപ്പെടുമ്പോള്‍ ഉപാധികളോടെ വായ്പ അനുവദിക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തത്. കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്‍റെ നാലിലൊന്നായ 529.50 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. ഇത് കേരള ജനതയോടുള്ള പരിഹാസമാണ്. മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ ഫെഡറല്‍ തത്വങ്ങള്‍ അട്ടിമറിക്കുകയാണ്. പ്രകൃതിക്ഷോഭങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ അവകാശം ചോദിക്കുമ്പോള്‍ അത് നിഷേധിക്കുന്ന സമീപനമാണ് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നത്. പിണറായി സര്‍ക്കാറിന്‍റെ ഭരണത്തില്‍ നിത്യനിദാന ചെലവുകള്‍ക്ക് പോലും കാശില്ലാത്ത ധനപ്രതിസന്ധിയാണ് സംസ്ഥാനത്ത്. അപ്പോഴാണ് ഇത്രയും ഭീമമായ തുക സംസ്ഥാനം കണ്ടെത്തി വിനിയോഗിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

എല്ലാം നഷ്ടപ്പെട്ട് ശൂന്യതയില്‍ നില്‍ക്കുന്ന വയനാട്ടിലെ പാവപ്പെട്ട ജനതയുടെ പുനരധിവാസം നടപ്പാക്കാന്‍ വായ്പയായി തുക അനുവദിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നടപടി ക്രൂരവും മാന്യതയില്ലാത്തതുമാണ്. വായ്പയെടുക്കാനായിരുന്നെങ്കില്‍ കേരളത്തിന് ഇവിടെ നിന്ന് ആകാമായിരുന്നല്ലൊ? വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ആവശ്യത്തിന് പണം ഗ്രാന്‍റായി നല്‍കാതെ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിക്കെതിരെയും ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിന് തയാറാണെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Tags:    
News Summary - Loan for Wayanad Rehabilitation: central government's action is cruel and dishonorable -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.