തമസ്കരിക്കപ്പെട്ട പാട്ടുചരിത്രം പാടിയും പറഞ്ഞും

തിരൂര്‍: മുഖ്യധാര സംഗീതലോകം തമസ്കരിച്ച മലയാളത്തിലെ സമ്പന്നമായ പാട്ടുശാഖകളിലൂടെ പാടിയും പറഞ്ഞും സഞ്ചരിച്ച് ‘മലയാളത്തിന്‍െറ പാട്ടുപാരമ്പര്യം’ സെഷന്‍. മാപ്പിളപ്പാട്ടുകളുടെയും സൂഫി സംഗീതത്തിന്‍െറയും നാട്ടുപാട്ടുകളുടെയും രേഖപ്പെടുത്താത്ത സാന്നിധ്യം അന്വേഷിച്ച ചര്‍ച്ചയില്‍ സദസ്സും സജീവമായി പങ്കുകൊണ്ടു. മലയാളത്തിന്‍െറ പാട്ടുപാരമ്പര്യത്തിന് തമിഴ് ഭാഷയും സംസ്കാരവുമായുള്ള ബന്ധം വലുതാണെന്ന് പ്രമുഖ തമിഴ് സാഹിത്യകാരനും വിവര്‍ത്തകനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അഭിപ്രായപ്പെട്ടു.

മാപ്പിളപ്പാട്ട് ശാഖയിലെ പടപ്പാട്ടുകളുടെയും മറ്റും യഥാര്‍ഥ ഉദ്ഭവം തമിഴില്‍നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന തമിഴ് പാട്ടുകളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നതായിരുന്നു തോപ്പില്‍ മുഹമ്മദ് മീരാന്‍െറ വിഷയാവതരണം. പാട്ടുകളും പാട്ടെഴുത്തുകാരും കൂടിയാണ് കേരളത്തിന്‍െറ നവോത്ഥാനം സാധ്യമാക്കിയതെന്ന് കഥാകൃത്ത് വി.ആര്‍. സുധീഷ് പറഞ്ഞു.നല്ല കാതുകളും കണ്ണുകളും ആണ് മുന്‍കാലത്ത് മലയാളത്തിലെ പാട്ടുകളെ ശക്തമാക്കിയത്. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ എഴുത്തുകാരനും ആസ്വാദകനും നഷ്ടപ്പെട്ടതാകാം മലയാള ചലച്ചിത്ര ഗാനങ്ങളുടെ മൂല്യം ചോര്‍ന്നുപോകാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  അടിസ്ഥാന ജനവിഭാഗങ്ങളുടെ തനത് ശീലുകളെയും ഈണങ്ങളെയും കട്ടെടുത്ത് പുന$സംവിധാനിക്കുന്ന പ്രവണത അപകടകരമാണെന്ന് എഴുത്തുകാരനും

ഡോക്യുമെന്‍ററി സംവിധായകനുമായ എം.എ. റഹ്മാന്‍ അഭിപ്രായപ്പെട്ടു. കീഴാളരും അരികുവത്കരിക്കപ്പെട്ടതുമായ ജനതയുടെ പാട്ടുകള്‍ വിവിധ സമൂഹങ്ങളെ തമ്മില്‍ ഇഴചേര്‍ക്കുന്നതായിരുന്നു. മാപ്പിളപ്പാട്ടുകള്‍ ഇത്തരം വലിയ ദൗത്യങ്ങള്‍ ഏറ്റെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുഖ്യധാര ചരിത്രമെഴുത്തുകാര്‍ തമസ്കരിച്ച പല സംഭവങ്ങളെയും ഇപ്പോഴും സമൂഹശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ മാപ്പിളപ്പാട്ട് വഹിക്കുന്ന പങ്ക് വലുതാണെന്ന് ഗായകനും വിധികര്‍ത്താവും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍ പറഞ്ഞു. സ്വതന്ത്ര്യ സമരത്തിലെ രേഖപ്പെടുത്താതെപോയ പല നിര്‍ണായക സംഭവങ്ങളെയും മാപ്പിളപ്പാട്ടുകള്‍ ഓര്‍മയില്‍ നിലനിര്‍ത്തുന്നുവെന്ന് ഫൈസല്‍ എളേറ്റില്‍ കൂട്ടിച്ചേര്‍ത്തു.

സൂഫി സംഗീതം ഫാഷനും ബ്രാന്‍ഡും ആയി മാറുമ്പോള്‍ മലയാളത്തിന്‍െറ യഥാര്‍ഥ സൂഫി പാരമ്പര്യം വിസ്മരിക്കപ്പെടുന്ന സ്ഥിതിയുണ്ടെന്ന് സൂഫി ഗായകനും ഗവേഷകനുമായ ശമീര്‍ ബിന്‍സി അഭിപ്രായപ്പെട്ടു.മലയാളത്തില്‍ രചിക്കപ്പെട്ട വിവിധ സൂഫി ഗാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍െറ വിഷയാവതരണം.ഡോ. ഉമര്‍ തറമേല്‍ മോഡറേറ്റര്‍ ആയിരുന്നു. അതിഥികള്‍ക്കുള്ള മാധ്യമത്തിന്‍െറ ഉപഹാരം പത്തനംതിട്ട ബ്യൂറോ ചീഫ് എം.ജെ. ബാബു, കണ്ണൂര്‍ ബ്യൂറോ ചീഫ് സി.കെ.എ. ജബ്ബാര്‍ എന്നിവര്‍ സമ്മാനിച്ചു.

Tags:    
News Summary - Literary Fest 2017 - Madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.