തിരുവനന്തപുരം: സർക്കാറിന്‍റെ പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐ.ടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിന് ബാറുകൾ നടത്തിപ്പുകാർക്ക് അനുമതിയില്ല. പുറത്തുനിന്നുള്ളവർക്ക് ഇവിടെനിന്ന് മദ്യം ലഭിക്കില്ല.
ഫീസായി 20 ലക്ഷം രൂപ ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഐ.ടി പാർക്കുകളിൽ മദ്യവിൽപന അനുവദിക്കുന്നത് സംബന്ധിച്ച് നികുതി വകുപ്പ് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് നൽകിയ ശിപാർശകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഐ.ടി വകുപ്പിന്റെ നിർദേശങ്ങൾകൂടി പരിഗണിച്ചശേഷമാണ് നടപടി.
സർക്കാറിന്‍റെ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ്, നികുതി വകുപ്പുകൾ അതിനുള്ള മാനദണ്ഡങ്ങൾ തയാറാക്കിയത്. ഇരുവകുപ്പുകളുടെയും ശിപാർശകളിൽ ഐ.ടി വകുപ്പും കാര്യമായ മാറ്റങ്ങൾ നിർദേശിച്ചില്ല. മദ്യം വിതരണം ചെയ്യുന്നതിന് ഡെവലപ്പേഴ്സിനും കോഡെവലപ്പേഴ്സിനും മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
ബാർ നടത്തിപ്പുകാർക്ക് ഐ.ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് അനുമതി നൽകേണ്ടെന്നാണ് തീരുമാനം. ഐ.ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്.എൽ 4 എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണ് തീരുമാനം.
സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സജ്ജീകരിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാമെന്നതാണ് വ്യവസ്ഥ. ടെക്നോപാർക്കിന്റെ കാര്യമെടുത്താൽ ഡെവലപ്പർ ടെക്നോപാർക്കും കോഡെവലപ്പർമാർ കമ്പനികളുമാണ്.
10 ലക്ഷം രൂപ ഫീസ് ഈടാക്കാനായിരുന്നു എക്സൈസിന്‍റെ ശിപാർശ. എന്നാൽ, ക്ലബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് ആലോചനയെന്നാണ് വിവരം. നിലവിൽ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയമായ രാവിലെ 11 മുതൽ രാത്രി 11 വരെ ഐ.ടി പാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തിക്കാം.
ക്ലബിന്റെയോ ബാറിന്റെയോ രൂപത്തിലല്ലാതെയാകും പ്രവർത്തനം. മറ്റ് ലൈസൻസികളെപോലെ ഐ.ടി പാർക്കുകളിലെ ലൈസൻസികൾക്കും ബിവറേജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി ഇവിടങ്ങളിൽ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനമെടുക്കേണ്ടത്.
കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം വിതരണം ചെയ്യാം. ലൈസൻസ് ലഭിക്കാൻ കമ്പനികൾക്ക് നിശ്ചിത വാർഷിക വിറ്റുവരവ് വേണമെന്ന നിബന്ധന തൽക്കാലം നടപ്പാക്കില്ലെന്നാണ് വിവരം. ഇതിനെതിരെ പ്രതിഷേധവും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.