'ലിപ്സ്റ്റിക് ഫ്രീ കാമ്പസ്'; കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ശിശുക്ഷേമസമിതി

തിരുവനന്തപുരം: കുട്ടികളുടെ ലിപ്സ്റ്റിക്, ഐലൈനർ തുടങ്ങി സൗന്ദര്യവർധക വസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ നടപടികളുമായി കൊല്ലം ജില്ലാ ശിശുക്ഷേമസമിതി. ലിപ്സ്റ്റിക്, ഐലൈനർ, ഐഷാഡോ, ബ്ലഷ്, ഫേസ് ക്രീമുകൾ തുടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഇത്തരം സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തിൽ കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രചാരണ പരിപാടികൾ വ്യാപകമാക്കാനാണ് കൊല്ലം ജില്ല ശിശുക്ഷേമ സമിതിയുടെ തീരുമാനം.

കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കുടൽ കാൻസർ ബാധിച്ച കുട്ടികളുടെ എണ്ണം സമീപകാലങ്ങളിൽ വർധിച്ചതായി തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു ബോധവത്കരണപദ്ധതി നടപ്പിലാക്കുന്നതെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധികൃതർ അറിയിച്ചു. പ്രചാരണത്തിന്റെ ഉദ്ഘാടനം കൊല്ലം മയ്യനാട് ഹയർസെക്കൻഡറി സ്കൂളിൽ കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ഈ സൗന്ദര്യ വർധകവസ്തുക്കളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ കുട്ടികളിൽ കുടൽ കാൻസറിനും മറ്റും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മെർക്കുറി, കാഡ്മിയം പോലുള്ള മൂലകങ്ങളുടെ ഉയർന്ന അളവ് ചർമത്തോടൊപ്പം ആന്തരികാവയവങ്ങളെയും ബാധിച്ചേക്കാം.

ലിപ്‌സ്റ്റിക്‌ ഉൾപ്പെടെയുള്ള സൗന്ദര്യവർധകവസ്തുക്കളുമായി സ്കൂളിലെത്തുന്ന കുട്ടികൾ ഇടവേളകളിൽ ഉപയോഗിക്കുന്നുവെന്നാണ് അധ്യാപകരുടെ കണ്ടെത്തൽ. ഇവയുടെ അമിത ഉപയോഗത്തിലൂടെ രാസവസ്തുക്കൾ കുട്ടികളുടെ നേർത്ത ചർമം ശരീരത്തിലേക്ക് വേഗം വലിച്ചെടുക്കുന്നു. അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ചാവൈകല്യങ്ങൾ, കാൻസർ സാധ്യത തുടങ്ങിയ ഗുരുതരപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. രാസവസ്തുക്കൾ അടങ്ങിയ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വിശദമായ ക്ലാസ് കുട്ടികൾക്ക് നൽകും. സ്കൂളുകളിൽ സൗന്ദര്യവർധകവസ്തുക്കൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ഇത്തരത്തിൽ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കിയ സ്കൂളുകളെ ‘ലിപ്‌സ്റ്റിക് ഫ്രീ കാമ്പസാ’യി പ്രഖ്യാപിക്കും. പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കു ബോധവത്കരണം നൽകും. സ്കൂളുകൾക്കു പുറമേ, റസിഡൻസ്‌ അസോസിയേഷനുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വിവിധ സംഘടനകളിലും ബോധവത്കരണം നടത്താനാണ് ശിശുക്ഷേമവകുപ്പിന്‍റെ തീരുമാനം.

ഉയർന്ന അളവിലുള്ള മെർക്കുറി അടങ്ങിയ ലിപ്സ്റ്റിക്കുകളും ഫേസ് ക്രീമുകളും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. അനുവദനീയമായ അളവിനെക്കാൾ മെർക്കുറി ചേർത്ത ലിപ്‌സ്റ്റിക്കുകളും ഫേസ് ക്രീമുകളും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. സ്കൂളുകളുടെ സമീപമുള്ള കടകളിലും മറ്റും പരിശോധന നടത്താനും ബോധവത്കരണപദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കൊല്ലം ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻ ദേവ് പറഞ്ഞു.

Tags:    
News Summary - 'Lipstick-Free Campus': Child Welfare Committee Launches Awareness Campaign Against Lipstick Use Among Children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.