തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം നാമമാത്രമായി ആരംഭിച്ചു. സർക്കാറുമായി ധാരണയിലുള്ള 52 മില്ലുടമകളിൽ രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ കൊയ്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലെടുപ്പ് ആരംഭിച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. എന്നാൽ പാലക്കാട് ജില്ലയിൽ കൊയ്തു സൂക്ഷിച്ചിരിക്കുന്ന നെല്ലിന് സപ്ലൈകോയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ടെത്തി പച്ചച്ചീട്ട് നൽകി കണക്കെടുക്കുകയും അടുത്തയാഴ്ചയോടെ സംഭരണം ആരംഭിക്കുകയും ചെയ്യും. അതേസമയം, മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. മില്ലുടമകളുടെ സംഘടനകള്‍ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൊയ്ത നെല്ല് കരക്ക് കയറ്റിയിട്ട് കണ്ണീര്‍ക്കഥകളാണ് നെൽക്കര്‍ഷകര്‍ക്ക് പറയാനുള്ളത്.
ശനിയാഴ്ച ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയുംചെയ്തു. പ്രശ്നപരിഹാരത്തിന് സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നപരി ഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു. ചില മില്ലുടമകള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെയാണ് രണ്ട് മില്ലുടമകള്‍ നെല്ലെടുക്കാമെന്ന് സമ്മതിച്ചതത്രേ.
മില്ലുടമകൾ ഉന്നയിച്ച ചില ആവശ്യങ്ങളിൽ പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് മില്ലുകൾ സംഭരണപ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതുമൂലമാണ് സംഭരണം വൈകാൻ ഇടയായത്. ഈ സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച സംഭരണവിലയിൽ നിന്നും കുറഞ്ഞ വിലക്ക് നെല്ല് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അടിയന്തരമായി പച്ചച്ചീട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചത്.
കഴിഞ്ഞ സംഭരണവർഷത്തിൽ 28 രൂപ 20 പൈസ ആയിരുന്ന സംഭരണവില ഈ സീസൺ മുതൽ 30 രൂപയായി ഉയർത്തിയിട്ടുണ്ട്. സംഭരണവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വകാര്യമില്ലുകൾക്കോ വ്യാപാരികൾക്കോ ആരും നെല്ല് നൽകേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.