കോവളം: വിദേശവനിത ലിഗ സ്ക്രോമെനയുടെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായതായി സൂചന. കസ്റ്റഡിയിലെടുത്തയാളുമായി വ്യാഴാഴ്ച പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ, ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ഇയാൾക്ക് പുറമെ പ്രദേശത്തെ ഒമ്പതോളം പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രദേശത്തെ ലഹരി മാഫിയയുടെ കണ്ണികളും മൃതദേഹം കാണപ്പെട്ട സ്ഥലത്ത് സ്ഥിരമായി വരാറുള്ളവരുമാണ് ഇവരിൽ പലരും. കൊലപാതകം ക്വട്ടേഷനാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയോടെയാണ് കോവളത്തിനടുത്ത് ചെന്തിലാക്കരിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം വിദേശവനിത ലിഗയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലും മൃതദേഹം ലിഗയുടേതാണെന്ന് വ്യക്തമായി. ലിഗയുടെ മുടിയും എല്ലുകളും സഹോദരി ഇലീസിെൻറ രക്തസാമ്പിളുകളും പരിശോധിച്ചാണ് മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പുവരുത്തിയത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് ഫോറൻസിക് സർജെൻറ റിപ്പോർട്ടിലുള്ളത്. കഴുത്തിലെ എല്ലുകൾക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മപരിശോധനയിൽ ശ്വാസംമുട്ടിച്ചതിെൻറ സൂചനകളുമുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വള്ളികൾ ചേർത്തുണ്ടാക്കിയ കുരുക്കും അന്വേഷണസംഘത്തിന് പിടിവള്ളിയായിട്ടുണ്ട്.
മറ്റ് തെളിവുകൾക്കായി പ്രദേശത്ത് ഊർജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പ്രദേശം പൊലീസ് വൃത്തിയാക്കുന്നുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉന്നത അന്വേഷണ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.