ലൈഫ്: ആദിവാസികൾക്ക് ലഭിച്ചത് അര ശതമാനത്തിൽ താഴെ
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയിൽ ആദിവാസികൾക്ക് ലഭിച്ച വീടുകൾ അര ശതമാനത്തിൽ താഴെയെന്ന് (0.45) ലൈഫ് മിഷെൻറ കണക്ക്. സംസ്ഥാനത്ത് ആകെ 2,14,262 വീടുകളുടെ നിർമാണം പൂർത്തിയായപ്പോൾ ആദിവാസിമേഖലക്ക് ലഭിച്ചത് 972 വീടുകൾ മാത്രം. ഭവനരഹിതരുടെ ശതമാന കണക്കെടുത്താൽ ഏറ്റവുമധികം കുടുംബങ്ങൾ ആദിവാസികളാണ്. ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ രണ്ട് ശതമാനം വീടെങ്കിലും ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. അങ്ങനെയാണെങ്കിൽ 4,285 വീടുകൾ ലഭിക്കണം.
കൊറഗ എന്ന പ്രാക്തന ഗോത്രവിഭാഗം ഉൾപ്പെടെയുള്ള കാസർകോട് ജില്ലയിലെ ആദിവാസികൾക്ക് ആകെ ലഭിപ്പിച്ചത് മൂന്ന് വീടാണ്. സംസ്ഥാനത്ത് ദരിദ്രരായ ആദിവാസികൾ ഏറെയുള്ളത് കാസർകോടാണ്. തിരുവനന്തപുരത്ത് രണ്ടും കൊല്ലം, കോഴിക്കോട് ജില്ലകളിൽ മൂന്നും വീടാണ് ലഭിച്ചത്. പത്തനംതിട്ടയിൽ ഏഴും എറണാകുളത്ത് ഒമ്പതും വീട് ലഭിച്ചു. വയനാട്ടിലാണ് കൂടുതൽ വീട് പൂർത്തിയാക്കിയത് -629. ഇടുക്കിയിൽ 114 വീടുകൾ നിർമിച്ചു. അട്ടപ്പാടി ഉൾപ്പെട്ട പാലക്കാട് ജില്ലയിൽ 95 വീടുകളുടെ നിർമാണം പൂർത്തിയായി. കണ്ണൂരിൽ 56ഉം മലപ്പുറത്ത് 15ഉം തൃശൂരിലും കോട്ടയത്തും 13 വീതവും ആലപ്പുഴയിൽ 10ഉം വീടുകൾ എന്ന നിലയിലാണ് മറ്റു ജില്ലകളുടെ കണക്ക്. സർക്കാർ നടപ്പാക്കിയ ഭവനപദ്ധതികൾ ആദിവാസി മേഖലകളിൽ പൂർണാർഥത്തിൽ വിജയം നേടാറില്ല.
നിർമിതികേന്ദ്രം അടക്കം ഏജൻസികൾ ആദിവാസി മേഖലകളിൽ നടത്തിയ ഭവനനിർമാണത്തിലും വലിയ തട്ടിപ്പ് നടന്നിരുന്നു. കില നടത്തിയ സാമൂഹിക സാമ്പത്തിക സർവേ അടിസ്ഥാനമാക്കിയാണ് ഭവനരഹിതരെ കണ്ടെത്തിയത്. ആദിവാസി മേഖലയില്‍ കുടുംബശ്രീ സംവിധാനം ശക്തമല്ലാത്തിടത്ത് പട്ടികവർഗ പ്രമോട്ടര്‍മാരെ ഉപയോഗിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ആറളം ആദിവാസി പുനരധിവാസകേന്ദ്രത്തിൽ നേരത്തേ നിർമിതികേന്ദ്രം നിർമിച്ച 361 ഭവനങ്ങൾ വാസയോഗ്യമല്ലാതായെന്ന് 2019 ഒക്ടോബർ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആറളം ഫാമിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗം ചൂണ്ടിക്കാണിച്ചിരുന്നു. പകരം പുതിയ വീടുകൾ നിർമിച്ച് നൽകാമെന്ന് മന്ത്രി എ.കെ. ബാലൻ യോഗത്തിൽ ഉറപ്പുനൽകിയതാണ്. ഭവനപദ്ധതികളുടെ കാര്യത്തിൽ സ്വകാര്യ കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന അഴിമതികൾക്ക് കണക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.