ലൈഫ് മിഷൻ: അന്വേഷണം ഊർജിതമാക്കാൻ സി.ബി.ഐ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിൽ അന്വേഷണം തുടരാനുള്ള നിലപാടിൽ സി.ബി.ഐ. വിമാനത്താവളം വഴി യു.എ.ഇ കോൺസുലേറ്റിന്‍റെ പേരിൽ സ്വർണം കടത്തിയ കേസിലെ പ്രതി സരിത്തിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു.

സി.ബി.ഐ കൊച്ചി യൂനിറ്റാണ് മുട്ടത്തറ സി.ബി.ഐ ഓഫിസിൽ സരിത്തിനെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന വിവരം.

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിന്‍റെ ഭാഗമായാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയും വിവാദത്തിലായത്. സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സർക്കാർ രംഗത്തെത്തിയതും ഹൈകോടതിയെ സമീപിച്ചതും വിവാദമായിരുന്നു. വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ എതിർത്തത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂനിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കരാർ ലഭിക്കാൻ 4.48 കോടിരൂപ കമീഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയതെന്നും മൊഴിയുണ്ടായി. സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.ബി.ഐ അന്വേഷണത്തിന് വീണ്ടും ജീവൻ വെച്ചത്.

Tags:    
News Summary - Life Mission: CBI to intensify probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.