ലൈഫ്മിഷൻ: സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം; ശിവശങ്കറിന്റെ റിമാൻഡ് നീട്ടി, `പ്രധാന പ്രതികൾ ഇപ്പോഴും പുറത്താണെന്ന്'

കൊച്ചി: ലൈഫ്മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിനും സരിത്തിനും ജാമ്യം. ഉപാധികളോടെയാണ് കൊച്ചി പി.എം.എൽ.എ കോടതി ജാമ്യം അനുവദിച്ചത്. കേസിലെ തുടരന്വേഷണത്തി​െൻറ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകണമെന്നാണ് പ്രധാന ഉപാധി. സരിത്തിന് ഇടക്കാല ജാമ്യവും സ്വപ്‌നയ്ക്ക് സ്ഥിരം ജാമ്യവുമാണ് അനുവദിച്ചത്. സരിത്തിന് അടുത്ത മാസം 27വരെയാണ് ജാമ്യം.

തങ്ങൾക്ക് ജാമ്യം നൽകണമെന്ന ആവശ്യം ഇരുവരും കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിനെ ഇ.ഡി ശക്തമായി എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, ശിവശങ്കറിന്റെ റിമാൻഡ് ആഗസ്റ്റ് അഞ്ചു വരെ കോടതി നീട്ടി. കേസിൽ ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

യു.എ.ഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണ് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽ നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം പ്രതികൾക്ക് സമൻസ് അയച്ച് ഹാജരാവാൻ നിർദേശിച്ചതനുസരിച്ചാണ് ഇവർ കോടതിയിലെത്തിയത്. കേസിൽ ശിവശങ്കറി​​െൻറ അറസ്റ്റ് മാത്രം എന്തുകൊണ്ട് രേഖപ്പെടുത്തിയെന്ന് കോടതി ചോദിച്ചു. ആദ്യഘട്ടത്തിൽ മൊഴി രേഖപ്പെടുത്തുമ്പോൾ എന്തുകൊണ്ട് ഇവരെ അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്നും കോടതി ചോദിച്ചു.

എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ ഇരുവരും കൃത്യമായി ഹാജരാവാറുണ്ടായിരുന്നെന്നും അതിനാലാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു ഇ.ഡിയുടെ മറുപടി. ശിവശങ്കർ സഹകരിച്ചിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണം നടക്കുന്നതിനാൽ ഏത് ഘട്ടത്തിലും സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികളോട് ഹാജരാവാൻ അന്വേഷണ സംഘത്തിന് ആവശ്യപ്പെടാം.

എന്നാൽ, ലൈഫ്മിഷൻ കേസിൽ പ്രധാന പ്രതികൾ ഇപ്പോഴും പുറത്താണെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാതിരുന്നത് അന്വേഷണവുമായി സഹകരിക്കുന്നത് കൊണ്ടാണ്. ലൈഫ് മിഷൻ കോഴക്കേസിൽ 11 പ്രതികളല്ല. കൂടുൽ പേരുണ്ടെന്ന് അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്താണ്. അധിക കുറ്റപത്രത്തിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് കരുതുന്നത്. വിജേഷ് പിള്ളയ്ക്കെതിരായ കേസ് കർണാടക ഹൈകോടതി റദ്ദാക്കിയതായി അറിയില്ലെന്നും പരാതിക്കാരിയെ കേട്ടിട്ടില്ലെന്നും കേസ് റദ്ദാക്കിയെങ്കിൽ നിയമപരമായി നേരിടുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

Tags:    
News Summary - Life Mission: Bail for Swapna Suresh and Sarith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.