തിരുവനന്തപുരം: മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ ഗവർണറുടെ നടപടിയിൽ നിയമ, ഭരണഘടന വിദഗ്ധർക്കും അദ്ഭുതം. ഗവർണർ അധികാരപരിധി ലംഘിക്കുകയാണെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിയെ സ്വന്തമായി പിരിച്ചുവിടാൻ ഗവർണർക്ക് ഭരണഘടനപരമായോ നിയമപരമായോ ഒരവകാശവുമില്ല. കോടതി വിധികളിലടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരെ നടപടി വേണമെന്ന് ഗവർണർക്ക് ആവശ്യപ്പെടാമെങ്കിലും അതിന് ഒരു നിർദേശത്തിന്റെ വില മാത്രമേയുള്ളൂ.
മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത്. ഗവർണറുടെ പ്രീതിയുള്ളിടത്തോളം കാലം മന്ത്രിമാർക്ക് തുടരാമെന്ന് ഭരണഘടനയിൽ പറയുന്നത് ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല. മുഖ്യമന്ത്രിയാണ് മന്ത്രിമാരിൽ പ്രീതി നഷ്ടപ്പെട്ടോയെന്ന് തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രി പുറത്താക്കണമെന്നാവശ്യപ്പെടാതെ ഒരു മന്ത്രിയുടെയും സ്ഥാനം നഷ്ടമാകില്ലെന്നും നിയമവിദഗ്ധർ പറയുന്നു. എന്നാൽ, ഗവർണർ കത്ത് നൽകിയ സാഹചര്യത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതി വിധി പ്രസക്തമാകുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിക്കുമേൽ പ്രീതി നഷ്ടമായെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നതെന്നാണ് ഭരണഘടന, നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സർവകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിലും സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഗവർണർ നിലപാട് കടുപ്പിച്ചാൽ അത് സർക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് സാധ്യത.
കണ്ണൂർ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വജനപക്ഷപാതം കാട്ടിയെന്നാരോപിച്ച് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പ്രോസിക്യൂഷന് ഗവർണറുടെ അനുമതി തേടിയിട്ടുമുണ്ട്. അതിന് ഗവർണർ അനുമതി നൽകിയാല് ആഭ്യന്തരവും വിജിലന്‍സും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ടിയുംവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.