കോട്ടയം: സമൂഹമാധ്യമങ്ങളിലെ വ്യക്തി അധിക്ഷേപങ്ങൾ പുതുപ്പള്ളിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ, സൈബർ ആക്രമണങ്ങൾ തള്ളി എൽ.ഡി.എഫ്. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനിച്ചതാണെന്നും മറ്റാരെങ്കിലും ചെയ്തത് എല്‍.ഡി.എഫിന്റെ ചുമലില്‍ വെക്കേണ്ടെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. പോരാട്ടം രാഷ്ട്രീയമാണെന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൽനിന്ന് വ്യതിചലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം പാടില്ലാത്തതാണെന്ന് സി.പി.എം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയും പറഞ്ഞു. വസ്ത്രധാരണം അവരുടെ സ്വകാര്യതയാണ്. സൈബർ ആക്രമണം ആരാണ് നടത്തുന്നതെന്ന് അറിയില്ല. സി.പി.എം അങ്ങനെ ചെയ്തിട്ടില്ല. ഇത് സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്നും അവർ പറഞ്ഞു. നേരത്തേ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തിയായിരുന്നു സി.പി.എം പ്രചാരണത്തിന് തുടക്കമിട്ടതെങ്കിലും ഇത് തിരിച്ചടിയാകുമെന്ന് കണ്ടതോടെ അതിവേഗം പിൻമാറി. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണത്തിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപഹസിക്കുന്ന ചർച്ച സഹതാപ പ്രചാരണങ്ങൾക്ക് ഗുണമാകുമെന്ന് കണ്ടായിരുന്നു തീരുമാനം. വികസനചര്‍ച്ചയിലൂടെ വൈകാരികതയെ പിന്നിലാക്കാൻ കഴിഞ്ഞതായും ആദ്യഘട്ടത്തിൽ എൽ.ഡി.എഫ് വിലയിരുത്തിയിരുന്നു.
ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കേന്ദ്രീകരിച്ച് വീണ്ടും ഇടത്കേന്ദ്രങ്ങളിൽനിന്ന് ആരോപണങ്ങൾ ഉയർന്നത്. ഉമ്മൻ ചാണ്ടി മരിച്ചത് കുടുംബവും കോൺഗ്രസും യഥാസമയം ചികിത്സ നൽകാത്തതുകൊണ്ടെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് എം.എം. മണിയുടെ പരാമർശം. ഇത് ആത്മഹത്യാപരമായെന്ന വിലയിരുത്തലിനിടെയാണ് അച്ചുഉമ്മനെതിരായ സൈബർ അക്രമങ്ങൾ. എൽ.ഡി.എഫ് സ്ഥാനാർഥി ഏതിർപ്പ് വ്യക്തമാക്കിയിട്ടും അച്ചു അധിക്ഷേപം തുടരുന്നതിൽ നേതൃത്വം അതൃപ്തിയിലുമാണ്.
സതിയമ്മ ജോലി വിവാദം തിരിച്ചടിയായെന്ന സംശയവും എൽ.ഡി.എഫ് കേന്ദ്രങ്ങൾക്കുണ്ട്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ലതുപറഞ്ഞതിന് താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന തരത്തിൽ ഇത് മണ്ഡലത്തിൽ പ്രചരിപ്പിക്കാൻ യു.ഡി.എഫിനായെന്നാണ് ഇവരുടെ വിലയിരുത്തൽ.
അതേസമയം, അച്ചുവിനെതിരായ ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രിയുമായി ചേർത്താണ് യു.ഡി.എഫ് മറുപടി. ഉമ്മൻ ചാണ്ടിയുടെ പേരുപറഞ്ഞ് അച്ചു അവിഹിതമായൊന്നും നേടിയിട്ടില്ലെന്നും കള്ളപ്പണം നിക്ഷേപമില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.