ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തെ നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരങ്ങളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ആലപ്പുഴ കാവുങ്കൽ ദേവസ്വം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയും വിദ്വേഷം പരത്തുകയും ചെയ്യുന്ന വർഗീയതയുടെ അദൃശ്യകരങ്ങളാണ് അവരെ നയിക്കുന്നത്. കേരളത്തിൽ ബി.ജെ.പിയും ആർ.എസ്.എസുമായി സി.പി.എമ്മിന് ബന്ധമുണ്ട്. ഇടതുപക്ഷത്ത് രണ്ടുവിഭാഗം നേതാക്കളുണ്ട്. അവസരവാദ നിലപാടുള്ള നേതാക്കളാണ് ഒരുവിഭാഗം. ബി.ജെ.പിയെന്നല്ല, ആർ.എസ്.എസ് അടക്കം ആരുടെ സഹായം തേടിയാലും കുഴപ്പമില്ല, എങ്ങനെയും അധികാരത്തിലെത്തിയാൽ മതി എന്നു കരുതുന്നവരാണിവർ. മറ്റൊരു വിഭാഗം നേതാക്കൾ ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ഈ വിഭാഗത്തിന് ഇന്ന് തങ്ങൾ ചതിക്കപ്പെട്ടെന്ന തോന്നലുണ്ട്.
ബി.ജെ.പിയെയും ആർ.എസ്.എസിനെയും നിരന്തരം എതിർത്തതിനാൽ തന്റെ പേരിൽ 36 കേസുകളുണ്ട്. എന്നാലും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽനിന്ന് പിന്മാറില്ല. ഇടതുപക്ഷം ബി.ജെ.പിക്ക് വെല്ലുവിളിയാവില്ലെന്ന് മോദിക്ക് അറിയാം. തന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് പിണറായി വിജയനെ തൊടുന്നില്ല എന്ന് നോക്കിയാൽ അവർ തമ്മിലെ അന്തർധാര മനസ്സിലാകും. ജനകീയ പ്രതിഷേധങ്ങളെ കേരള മുഖ്യമന്ത്രി അക്രമമായി കണക്കാക്കുന്നു. അതുകൊണ്ടാണ് കരിങ്കൊടി കാണിച്ചപ്പോൾ തിരിച്ച് ആക്രമിച്ചത്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ വൻതോതിൽ ആക്രമണം നടക്കുന്നു. എന്നിട്ടും കേരള മുഖ്യമന്ത്രി ഇത് ചെയ്യുന്നവരുടെ കൂടെയാണ് ചേരുന്നത്-രാഹുൽ പറഞ്ഞു.
ആലപ്പുഴ കാവുങ്കൽ ദേവസ്വം മൈതാനത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സദസ്സിനെ അഭിവാദ്യംചെയ്യുന്നു. സ്ഥാനാർഥികളായ റെജി ചെറിയാൻ, കെ.ആർ. രാജേന്ദ്ര പ്രസാദ്, എ.ഡി. തോമസ്, എം. ലിജു, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ വലത് കൈയും അമ്പലപ്പുഴയിലെ സ്ഥാനാർഥി ജി. സുധാകരൻ ഇടത് കൈയും ഉയർത്തിയത് ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.