ഗുരുവായൂർ:നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ പരാതി നൽകാൻ എൽഡിഎഫ്. പ്രസ്താവനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സി.പി.എം ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി.സുമേഷ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബി.ജെ.പി സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. ‘48 ശതമാനം ഹൈന്ദവ ജനസംഖ‍്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എം.എൽ.എ ഉണ്ടായില്ലെന്നുമാണ് ഗോപാലകൃഷ്ണന്റെ ചോദ്യം. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഈ വിദ്വേഷപ്രസ്താവനക്കെതിരെയാണ് എൽ.ഡി.എഫ് പരാതി നൽകുന്നത്. ഗുരുവായൂരിന്റെ വികാസത്തിലും ബി.ജെ.പിക്ക് യാതൊരു പങ്കില്ലെന്നും നഗരസഭയും സംസ്ഥാന സർക്കാരുമാണ് എല്ലാ വികസന പദ്ധതികളും നടപ്പാക്കിയിരിക്കുന്നത്. ഗുരുവായൂർ മേൽപ്പാലവും ഗവ: അതിഥി മന്ദിരവും ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കിയ വികസന പദ്ധതികളാണ്. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ചുകൊണ്ട് നടത്തിയ ബി. ഗോപാലകൃഷ്ണന്റെ പ്രസംഗം ഈ നാട്ടിൽ വിലപ്പോവില്ലെന്നും സി.പി.എം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.