‘ഉമ്മൻ ചാണ്ടി’യെ ഒഴിവാക്കി എൽ.ഡി.എഫ് പ്രചാരണം
കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽനിന്നും ‘ഉമ്മൻ ചാണ്ടി’ എന്ന വാക്ക് ഏതാണ്ട് പൂർണമായും ഒഴിവായി.
ഉമ്മൻ ചാണ്ടിയെ പേരെടുത്ത് വിമർശിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ നീക്കം.
ഉമ്മൻ ചാണ്ടി എന്ന പേര് വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാകുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം.
അതിന്റെ ഭാഗമായി മണ്ഡലത്തിൽ കഴിഞ്ഞദിവസം നടന്ന പരിപാടികളിൽ പങ്കെടുത്ത സി.പി.എം ദേശീയ നേതാക്കൾ ഉൾപ്പെടെ ഉമ്മൻ ചാണ്ടി എന്നത് ഒഴിവാക്കി മുൻ ജനപ്രതിനിധി, യു.ഡി.എഫ് നേതാവ് എന്നൊക്കെയുള്ള പരാമർശമാണ് നടത്തുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സിലും ഇത്തരം പരാമർശമാണുണ്ടായത്.
മണ്ഡലത്തിൽ വിവിധ പരിപാടികൾക്കെത്തുന്ന ഇടതുനേതാക്കൾ ഈ ജാഗ്രത പാലിക്കുന്നുണ്ട്. 53 വർഷത്തിനുശേഷം പുതുപ്പള്ളിക്ക് മാറ്റംവേണമെന്നും വികസനം വേണമെന്നുമാണ് അഭിപ്രായമായി പറയുക.
ഇവിടെ പ്രതിനിധാനം ചെയ്ത യു.ഡി.എഫിനോ ജനപ്രതിനിധിക്കോ പുതുപ്പള്ളിയെ കേരളത്തിനൊപ്പം എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് വിശദീകരിക്കുന്നത്.
കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻപോലും ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.
പ്രചാരണത്തിന്റെ തുടക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരെടുത്ത് പറഞ്ഞുള്ള പ്രചാരണം വോട്ടർമാർക്കിടയിൽ ദോഷം ചെയ്തെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.