ബസ്​-ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടി; ബസ്​ മിനിമം 10 രൂപ

തിരുവനന്തപുരം: ബസ്​ ചാർജും ഓട്ടോ, ടാക്സി നിരക്കുകളും വർധിപ്പിച്ചു. ബസിന്​ കുറഞ്ഞ നിരക്ക്​ എട്ടിൽനിന്ന്​ പത്ത്​ രൂപയാക്കി. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാണ്​. ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയായി വർധിക്കും. നിലവിലിത്​ 90 പൈസയാണ്​.

കോവിഡ്​ കാലത്താണ്​ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച്​ കിലോമീറ്ററിൽ നിന്ന്​ രണ്ടര കിലോമീറ്ററായി താഴ്ത്തിയത്​. ഇപ്പോഴത്തെ നിരക്ക് ​ഭേദഗതിയിലും ഇത്​ വ്യത്യാസ​പ്പെടുത്തിയിട്ടില്ല.

ഓട്ടോകൾക്ക്​ മിനിമം നിരക്ക്​ 25 രൂപയിൽ നിന്ന്​ 30 രൂപയാകും. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററിൽ നിന്ന്​ രണ്ട്​ കിലോമീറ്ററാക്കി. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. നിലവിൽ ഇത്​ 12 രൂപയാണ്​. വെയിറ്റിങ്​ ചാർജ്, രാത്രികാല യാത്രാനിരക്ക്​ എന്നിവ നിലവി​​​ലേത്​ തുടരും.

ബസുടമകൾ പ്രധാനമായും ഉന്നയിച്ച വിദ്യാർഥി യാത്രനിരക്കിന്‍റെ കാര്യം തീരുമാനിച്ചിട്ടില്ല. ഇതിനെക്കുറിച്ച്​ പഠിച്ച്​ വിശദ റി​​പ്പോർട്ട്​ സമർപ്പിക്കുന്നതിന്​ കമീഷനെ ചുമതലപ്പെടുത്തും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിന്നീട്​ തീരുമാനിക്കും. വിദ്യാർഥി യാത്രനിരക്കിൽ ബസുടമകളുടെ ആവശ്യം അന്യായമാണെന്ന്​ പറയാൻ കഴിയില്ലെന്ന്​ മന്ത്രി ആന്‍റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മറ്റ്​ നിരക്കുകൾ ഇങ്ങനെ

നാലു​ചക്ര ഓട്ടോ (ക്വാട്ട്​റിസൈക്കിൾ):

  • നിലവിലെ മിനിമം നിരക്ക്​ 30 രൂപ
  • പുതുക്കിയ നിരക്ക്​ (രണ്ട്​ കിലോമീറ്റർ വരെ) 35 രൂപ
  • കിലോമീറ്റർ നിരക്ക്​ നിലവിൽ 12രൂപ
  • പുതുക്കിയ നിരക്ക്​ 15 രൂപ

1500 സി.സിക്ക്​ താഴെയുള്ള ടാക്സി കാർ

  • നിലവിലെ നിരക്ക്​ (അഞ്ച്​​ കിലോമീറ്റർ വരെ) 175 രൂപ
  • പുതുക്കിയ നിരക്ക്​ (അഞ്ച്​​ കിലോമീറ്റർ വരെ) 200 രൂപ
  • കിലോമീറ്റർ നിരക്ക്​ നിലവിൽ 15 രൂപ
  • പുതുക്കിയ നിരക്ക്​ 18 രൂപ

1500 സി.സിക്ക്​ മുകളിലുള്ള ടാക്സി കാർ

  • നിലവിലെ നിരക്ക്​ (അഞ്ച്​​ കിലോമീറ്റർ വരെ) 200 രൂപ
  • പുതുക്കിയ നിരക്ക്​ (അഞ്ച്​​ കിലോമീറ്റർ വരെ) 225 രൂപ
  • കിലോമീറ്റർ നിരക്ക്​ നിലവിൽ 17രൂപ
  • പുതുക്കിയ കിലോമീറ്റർ നിരക്ക്​ 20 രൂപ

ഉടൻ ഉത്തരവിറക്കുമെന്ന്​ മന്ത്രി

തിരുവനന്തപുരം: ബസ്​-ഓ​ട്ടോ-ടാക്​സി നിരക്ക്​ വർധന സംബന്ധിച്ച്​ ഉടൻ സർക്കാർ ഉത്തരവിറങ്ങുമെന്ന്​ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ധനവില വർധനയും കോവിഡ്​ പ്രതിസന്ധിയുമടക്കം പരിഗണിച്ചാണ്​ നിരക്ക്​ വർധന നടപ്പാക്കുന്നത്. വിദ്യാർഥിയാത്രാനിരക്ക്​ വിശദമായി ചർച്ച ചെയ്തു. ഇതിനെക്കുറിച്ച്​ കൂടുതൽ പരശോധന വേണം. ഈ സാഹചര്യത്തിലാണ്​ പ്രത്യേക കമീഷനെ നിയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - ldf approves bus fare increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.