അഭിഭാഷക മക്കൾക്കൊപ്പം ആറ്റിൽചാടി ജീവനൊടുക്കിയ സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോട്ടയം: ഹൈകോടതി അഭിഭാഷക മക്കൾക്കൊപ്പം ആറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിമ്മി ജോസഫ് (35), ഇയാളുടെ പിതാവ് ജോസഫ് (70) എന്നിവരെയാണ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം വകുപ്പുകൾ ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇരുവരെയും രണ്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ജിസ് മോൾ തോമസ് (ജെസി -34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവരെയാണ് ഏപ്രിൽ 15ന് മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്‍റും ഹൈകോടതിയിലെ അഭിഭാഷകയുമായിരുന്നു ജിസ് മോൾ. സ്കൂട്ടറിൽ എത്തിയ ജിസ് മോൾ, ആറുമാനൂർ പള്ളിക്കുന്നുകടവിൽനിന്ന് മക്കളോടൊപ്പം ആറ്റിലേക്ക് ചാടുകയായിരുന്നു.

ഭർതൃവീട്ടുകാരുടെ പീഡനത്തെതുടർന്നാണ് മരണമെന്ന് കാട്ടി ജിസ് മോളുടെ ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ജിസ്മോളുടെ പിതാവും പരാതി നൽകി.

ജിസ്മോളുടെ മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങൾ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.

Tags:    
News Summary - Lawyer death: Husband and father-in-law arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.