തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കിനെതിരെ പ്രത്യക്ഷ ഇടപെടലിന് തൊഴിലാളി സംഘടനകള്‍. ഈമാസം 24ന് എറണാകുളത്ത് ബഹുജന പങ്കാളിത്തത്തോടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിക്കാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളി സംഘടനകളും സര്‍വിസ് സംഘടനകളും രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
തൊഴിലാളി സംഘടനകള്‍ക്കു പുറമെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമസ്വാതന്ത്ര്യം നിലനിര്‍ത്തണമെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും അത് അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തെയും ഒരുവിഭാഗം അഭിഭാഷകര്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ളെന്നും യോഗം വിലയിരുത്തി.
അഭിഭാഷകരുടെ പ്രവൃത്തി പരിധി ലംഘിച്ചിരിക്കുകയാണ്. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം ജോലിചെയ്യാന്‍ സംരക്ഷണം ഉറപ്പുവരുത്തണം. മാധ്യമപ്രവര്‍ത്തകരും തൊഴിലാളി ഗണത്തില്‍പെടുന്നതിനാല്‍ ഇപ്പോള്‍ നടക്കുന്നത് തൊഴില്‍ നിഷേധമാണ്. കണ്‍വെന്‍ഷനുപുറമെ ബാര്‍ അസോസിയേഷനും അഭിഭാഷക സംഘടനകളുമായി പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സി.ഐ.ടി.യു ദേശീയ സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ആനന്ദന്‍, പി. നന്ദകുമാര്‍ (സി.ഐ.ടി.യു), കെ.പി. രാജേന്ദ്രന്‍ (എ.ഐ.ടി.യു.സി), വി.ജെ. ജോസഫ് (ഐ.എന്‍.ടി.യു.സി), എസ്.കെ. ജയകുമാര്‍ (ബി.എം.എസ്), ചാരുപാറ രവി (എച്ച്.എം.എസ്), എസ്. സത്യപാല്‍ (യു.ടി.യു.സി), കെ.പി. ശങ്കരദാസ് (സി.പി.ഐ) എന്നിവര്‍ സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. നാരായണന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് ആര്‍. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.