ലതിക സുഭാഷ് മത്സരിക്കാൻ യോഗ്യയായിരുന്നു- ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ലതിക സുഭാഷിന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ചയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന് അവർ നിർബന്ധം പിടിച്ചതാണ് പ്രശ്നമുണ്ടാക്കിയത്. കേരള കോൺഗ്രസിന് നൽകിയതാണ് ആ സീറ്റ്. അവരിൽ നിന്ന് ആ സീറ്റ് വാങ്ങിനൽകണം എന്നാണ് അവർ ആവശ്യപ്പെട്ടത്. പകരം‍ ഒരു സീറ്റ് നൽകാൻ ഒരുക്കമായിരുന്നു. വൈപ്പിൻ സീറ്റ് അവർ ചോദിച്ചത് അവസാന നിമിഷത്തിലാണ്. അതിനാലാണ് നൽകാൻ കഴിയാതിരുന്നത്.

അവർക്ക് സീറ്റിന് അർഹതയുണ്ട്. നിർഭാഗ്യകരമായ സ്ഥിതി വിശേഷമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ ഇനി ഒരു പുന:പരിശോധനക്ക് സാധ്യത കുറവാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഇന്നലെയാണ് തനിക്കുള്‍പ്പെടെ പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. തുടര്‍ന്ന് പ്രതിഷേധ സൂചകമായി ഇന്ദിരാഗാന്ധി ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്യുകയും ചെയ്തു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ലതികയെ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചു.

എല്ലാ ജില്ലകളില്‍ നിന്നും വനിതാ സ്ഥനാര്‍ത്ഥി വേണമെന്നാണ് പറഞ്ഞിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് പ്രാതിനിധ്യമില്ല. കുറച്ച് കൂടി സ്ത്രീ പ്രാതിനിധ്യം വേണമെന്നായിരുന്നുവെന്നും ഷമ മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു. ലതികയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ വളരെ ദുഖമുള്ളയാളാണ് താന്നെന്നായിരുന്നു എം.എം. ഹസന്റെ പ്രതികരണം.

ഒമ്പത് സ്ത്രീകളാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചത്. പി.കെ. ജയലക്ഷ്മി-മാനന്തവാടി, കെ.എ. ഷീബ-തരൂര്‍, പത്മജ വേണുഗോപാല്‍-തൃശൂര്‍, പി.ആര്‍. സോന -വൈക്കം, ഷാനിമോള്‍ ഉസ്മാന്‍- അരൂര്‍, അരിത ബാബു- കായംകുളം, രശ്മി ആര്‍- കൊട്ടാരക്കര, ബിന്ദു കൃഷ്ണ- കൊല്ലം, അന്‍സജിത റസല്‍- പാറശാല എന്നിവരാണ് കോൺഗ്രസിന്‍റെ വനിതാ സ്ഥാനാർഥികൾ. 

Tags:    
News Summary - Latika Subhash was eligible to contest- Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.