ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് എച്ച്. എസിൽ സാരംഗിന്‍റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ. ഉൾച്ചിത്രത്തിൽ സാരംഗ്

പത്തുപേർക്ക് ഉയിരേകിയ സാരംഗിന് അന്ത്യാഞ്ജലി; എ പ്ലസ് നേട്ടമറിയാതെ മടക്കം

ആറ്റിങ്ങൽ: പത്തുപേർക്ക് ജീവൻ പകുത്തുനൽകി വിട പറഞ്ഞ സാരംഗിന് എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ്. അവയവദാനത്തിനൊപ്പം എ പ്ലസ് വാർത്തകളിൽകൂടി നിറയുകയായിരുന്നു സാരംഗ്. സാരംഗിനെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭിനന്ദിക്കുകയും ഒപ്പം വേർപാടിൽ അനുശോചിക്കുകയും ചെയ്തു.

ആലംകോട് വഞ്ചിയൂര്‍ നികുഞ്ജം വീട്ടില്‍ ബിനീഷ് കുമാറിന്‍റെയും രജനിയുടെയും മകനായ സാരംഗ് (15) ആറ്റിങ്ങല്‍ ഗവ.ബി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഫുട്ബാൾ കളിക്കിടയിൽ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇതിന്‍റെ തുടർചികിത്സക്ക് ആശുപത്രിയിൽ പോയിവരവെ 13നാണ് ഓട്ടോ മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

Full View

സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യമുണ്ടായെങ്കിലും അപ്രതീക്ഷിതമായി അണുബാധയുണ്ടായി. മരുന്നുകളോട് പ്രതികരിക്കാതായതോടെ ബുധനാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഡോക്ടര്‍മാര്‍ അവയവദാനത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കളും സഹോദരനും സമ്മതമറിയിച്ചതോടെ തുടർനടപടികളിലേക്ക് നീങ്ങി. കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ പത്തുപേർക്കായി ലഭ്യമാക്കി.

കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങണമെന്ന സ്വപ്നവുമായി കായിക പരിശീലനം നടത്തിയിരുന്ന സാരംഗിന് ജഴ്സി അണിയാനുള്ള ആഗ്രഹം കേരള ബ്ലാസ്റ്റേഴ്സ് നിറവേറ്റി. ആശുപത്രിയിൽ എത്തിച്ചുനൽകിയ ജഴ്‌സി അണിയിച്ചാണ് ആശുപത്രിയിൽനിന്ന് വീട്ടിലേക്കുള്ള അന്ത്യയാത്ര നടത്തിയത്. മൃതദേഹം മാമം സ്പോർട്സ് അരീന, ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, വഞ്ചിയൂർ നടയ്ക്കാപറമ്പിലെ വീട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്കരിച്ചു. യശ്വന്ത് ആണ് സഹോദരൻ.

ഫലപ്രഖ്യാപനത്തിനിടെ വിതുമ്പി മന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തിൽ മരണമടഞ്ഞ പത്താം ക്ലാസ് വിദ്യാർഥി സാരംഗിന്‍റെ ഫലം പ്രഖ്യാപിക്കുന്നതിനിടെ വാർത്തസമ്മേളനത്തിൽ കണ്ണീരണിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. സാരംഗിന്‍റെ അവയവങ്ങൾ ദാനം ചെയ്തതടക്കം പരാമർശിച്ചായിരുന്നു മന്ത്രി വിതുമ്പിയത്. ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ 122913 രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ സാരംഗ് ഗ്രേസ് മാർക്കില്ലാതെതന്നെ ഫുൾ എ പ്ലസോടെ വിജയിച്ചതും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ കുട്ടികൾക്ക് ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംരഗിന്റേതെന്ന് മന്ത്രി പറഞ്ഞു.


Tags:    
News Summary - Last tribute to Sarang, who donated organs to ten people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.