ജീവനെടുത്ത മണ്ണിടിച്ചിൽ: ദേശീയപാത നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ട്​ കലക്ടർ; അപകട സ്ഥലത്ത് നിർമാണമൊന്നും നടന്നിരുന്നില്ലെന്ന് അതോറിറ്റി

അടിമാലി (ഇടുക്കി): ജീവനെടുത്ത മണ്ണിടിച്ചിലിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത സാധ്യതയുള്ള എൻ.എച്ച് 85ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ട് ജില്ല കലക്ടർ ദിനേശൻ ചെറുവാട്ട്. മണ്ണിടിച്ചിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീമിനും രൂപംനൽകി.

ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫിസർ, ഗ്രൗണ്ട്വാട്ടർ വകുപ്പ് ജില്ല ഓഫിസർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, ദേവികുളം തഹസിൽദാർ എന്നിവരോട്​ രണ്ടുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാലുദിവസത്തിനകം വിശദ റിപ്പോർട്ടും സമർപ്പിക്കാൻ കലക്ടർ നിർദേശം നൽകി.

പഠനറിപ്പോർട്ട് ലഭ്യമാകുന്നതുവരെ മണ്ണിടിച്ചിൽ ദുരന്തസാധ്യതയുള്ള എൻ.എച്ച് 85 ലെയും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റി പ്രോജക്ട്​ ഡയറക്ടറോട്​ നിർദേശിച്ചു. റോഡിലും വീടുകളിലേക്കും ഇടിഞ്ഞ മണ്ണ് നീക്കംചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.

അതേസമയം, മണ്ണിടിച്ചിലിൽ വീട്​ തകർന്ന്​ ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമാണവും നടന്നിരുന്നില്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിരുന്നു. ബിജുവും ഭാര്യയും അപകടത്തിൽപെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും അവർ കുറ്റപ്പെടുത്തുന്നു.

ബിജുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല; ജീവിതത്തിലേക്ക്​ കരകയറി സിന്ധു

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനിയിൽ മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ നെടുമ്പിള്ളികുടി ബിജുവാണ്​ (46) മരിച്ചത്. ഭാര്യ സന്ധ്യ (39) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ശനിയാഴ്ച രാത്രി 10.45 ഓടെ ഉണ്ടായ മണ്ണിടിച്ചിലിലാണ്​ ഇവരുടെ വീട്​ തകർന്നത്​. ഇരുവരേയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. സന്ധ്യയെ രക്ഷിച്ച് ഒരുമണിക്കൂറോളം കഴിഞ്ഞ്​ ബിജുവിനെയും പുറത്തെടുക്കാനായെങ്കിലും ജീവൻ അവശേഷിച്ചിരുന്നില്ല. രണ്ട്​ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് തക‍ർന്ന വീടിന്‍റെ അവശിഷ്ടങ്ങൾ നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്.

100 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള എട്ട്​ വീടുകളിലേക്കും പതിക്കുകയായിരുന്നു. ശക്തമായ മഴ മുന്നറിയിപ്പിനെ തുട‍ർന്ന് പ്രദേശത്തുനിന്ന്​ 26 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബിജുവും ഭാര്യയും ക്യാമ്പിലേക്ക്​ പോയെങ്കിലും പാകം ചെയ്ത് വെച്ച ഭക്ഷണവും പ്രധാനപ്പെട്ട രേഖകളും എടുക്കുന്നതിന് വേണ്ടി വൈകീട്ട് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ക്യാമ്പിൽ ഉള്ളവർ പറഞ്ഞു.

കർഷകനായ ബിജു, തടിപ്പണിയും വ്യാപാരവും ചെയ്തിരുന്നു. മകൻ ആദർശ് ഒരുവർഷം മുമ്പാണ്​ മരിച്ചത്​. മകൾ ആര്യ കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയാണ്. ഭാര്യ സന്ധ്യ അടിമാലിയിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരിയാണ്.

Tags:    
News Summary - Landslide: Collector orders suspension of national highway construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.