രമേശ് ചെന്നിത്തല
‘തിരുവനന്തപുരം: സുപ്രീംകോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും നിലമ്പൂരിലെ ആദിവാസികൾക്ക് ഭൂമി വിട്ടുകൊടുക്കാത്ത സർക്കാർ നടപടി അങ്ങേയറ്റം ക്രൂരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി ഉത്തരവ് പ്രകാരം 2024 ഡിസംബർ 31ന് മുമ്പ് വസ്തു അളന്നു നൽകാമെന്നാണ് ജില്ല കലക്ടർ വാക്ക് നൽകിയിരുന്നത്. എന്നാൽ, ഈ ഉറപ്പ് നൽകി ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ പാലിക്കാത്തതിനെ തുടർന്ന് ആദിവാസി കുടുംബങ്ങൾ കലക്ടർ ഓഫീസിന് മുമ്പിൽ സമരം നടത്തുകയാണ്. ഇവരുടെ നഷ്ടപ്പെട്ട കൃഷിഭൂമി കണ്ടെത്തി തിരിച്ചു നൽകേണ്ട ഉത്തരവാദിത്വം സർക്കാറിനാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ബഹു. മുഖ്യമന്ത്രി,
നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളുടെ നഷ്ടപ്പെട്ടതും അന്യാധീനപ്പെട്ടതുമായ കൃഷി ഭൂമി തിരിച്ചു നല്‍കണമെന്ന ബഹു. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ 18 ആദിവാസി ഉരൂകളിലെ നിന്നുള്ള 200 ആദിവാസി കുടുംബങ്ങള്‍ ദീര്‍ഘനാളായി സമരത്തിലാണ്. സുപ്രീംകോടതിയുടെ വിധി പ്രകാരം ഇവരുടെ നഷ്ടപ്പെട്ട കൃഷിഭൂമി തിരിച്ചു കൊടുക്കാനുള്ള നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫിസിന് മുന്നില്‍ 314 ദിവസം നീണ്ടു നിന്ന വലിയ ജനകീയ സമരവും നടന്നിരുന്നു.
തുടര്‍ന്ന് ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി ആറ് മാസത്തിനകം നല്‍കാമെന്നും 2024ഡിസംബര്‍ 31ന് മുമ്പായി പട്ടയം വിതരണം ചെയ്യാമെന്നും ഉറപ്പ് നല്‍കിയാണ് 2024 മാര്‍ച്ച് മാസത്തില്‍ മലപ്പുറം ജില്ല കലക്ടര്‍ പ്രസ്തുത സമരം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ അന്ന് എഴുതി ഒപ്പിട്ട് നല്‍കിയ ഒത്ത് തീര്‍പ്പ് തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിലെ ആദിവാസി കുടുംബങ്ങള്‍ 2025 മെയ് 20 മുതല്‍ മലപ്പുറം ജില്ല കലക്ടേറ്റിന് മുന്നില്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. ഇവരുടെ നഷ്ടപ്പെട്ട കൃഷിഭൂമി കണ്ടെത്തി തിരിച്ചു നല്‍കേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്.
ഇവരുടെ ഭൂപ്രശ്നം പരിഹരിക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിലും തികച്ചും വഞ്ചനാപരമായ സമീപനമാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിലമ്പൂര്‍ ഭൂസമരം പിന്‍വലിക്കുന്നതിനായി 18.03.2024 ന് ജില്ല കലക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ കൈക്കൊണ്ടിരുന്ന ചുവടെ ചേര്‍ക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
ഈ തീരുമാനങ്ങള്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കി നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഭൂമി എത്രയും വേഗം വിതരണം ചെയ്യണമെന്നും ഇവര്‍ നടത്തുന്ന ഭൂസമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്നും അഭ്യർഥിക്കുന്നു.
വിശ്വസ്തതയോടെ,
രമേശ് ചെന്നിത്തല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.