പാലക്കാട്: കോങ്ങാട് എം.എൽ.എയും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയറ്റ് അംഗവുമായ കെ.വി. വിജയദാസ് (61) അന്തരിച്ചു. കോവിഡ് ബാധിതനായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ചയായി വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ജനുവരി 12ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഗുരുതരാവസ്ഥയിൽ തുടർന്നു. തിങ്കളാഴ്ച രാത്രി 7.40നായിരുന്നു അന്ത്യം. ഒന്നരവർഷം മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
മികച്ച സഹകാരിയും കർഷകനേതാവുമായ വിജയദാസ് 1975ൽ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1977 മുതൽ സി.പി.എം അംഗമാണ്. 1987ൽ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗമായി. മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. 1995ൽ പാലക്കാട് ജില്ല പഞ്ചായത്തിെൻറ പ്രഥമ പ്രസിഡൻറായി. രാജ്യത്തിനുതന്നെ മാതൃകയായ മീൻവല്ലം ജലവൈദ്യുതി പദ്ധതി വിജയദാസ് പ്രസിഡൻറായിരിക്കെയാണ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ നടപ്പാക്കിയത്.
2011ൽ കോങ്ങാട് നിയമസഭ മണ്ഡലം രൂപവത്കരിച്ചപ്പോൾ അവിടെനിന്ന് ആദ്യജയം. തുടർച്ചയായി രണ്ടാം തവണയും കോങ്ങാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. ദീർഘകാലം സി.പി.എം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയായിരുന്നു. പുതുശ്ശേരി, ചിറ്റൂർ ഏരിയ സെക്രട്ടറിയായും ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നിരവധി സഹകരണസ്ഥാപനങ്ങളുെട ചുമതലയും വഹിച്ചു. കേരള കർഷകസംഘം ജില്ല പ്രസിഡൻറായിരുന്നു.
1959 മേയ് 25ന് എലപ്പുള്ളി തേനാരി കാക്കത്തോട്ട് മുൻ എലപ്പുള്ളി പഞ്ചായത്ത് അംഗമായ പരേതനായ വേലായുധേൻറയും തത്തയുടേയും മകനായി ജനിച്ചു.
ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ് (എൻജിനീയറിങ് പഠനം പൂർത്തിയാക്കി), സന്ദീപ് (എം.ബി.എ വിദ്യാർഥി). സഹോദരങ്ങൾ: മോഹൻദാസ്, ശൈലജ, പത്മജ, ഗിരിജ, പരേതയായ ജലജ. മൃതദേഹം ചൊവ്വാഴ്ച രാവിലെ കോങ്ങാട്ടെത്തിക്കും. രാവിലെ ഏഴു മുതൽ വീട്ടിലും ഒമ്പതു മുതൽ 10വരെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് ചന്ദ്രനഗർ ശ്മശാനത്തിൽ സംസ്കരിക്കും.
വിജയദാസിന് ആദരമര്‍പ്പിച്ച് നിയമസഭ ചൊവ്വാഴ്ച പിരിയും. ചൊവ്വാഴ്ചയിലെ മറ്റ് കാര്യപരിപാടികൾ ബുധനാഴ്ചയിലേക്ക് മാറ്റിെവച്ചതായി സ്പീക്കറുടെ ഓഫിസ് അറിയിച്ചു. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയദാസിെൻറ അകാലവിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.