ആർക്കൊപ്പമെന്ന് പറയാതെ കെ.വി. തോമസ്; വിമർശനം തുടരുന്നു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആർക്കൊപ്പമെന്ന് ഇനിയും വ്യക്തമാക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. നേതൃത്വത്തിനെതിരെ നിരന്തരം കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തുന്ന അദ്ദേഹം ഉമ തോമസിന്‍റെ സ്ഥാനാർഥിത്വത്തിലും വിമർശനമുന്നയിക്കുകയാണ്. ഉമയുമായി നല്ല വ്യക്തിബന്ധമാണുള്ളതെന്നും എന്നാൽ, തെരഞ്ഞെടുപ്പിൽ വികസനമാണ് ചർച്ചയാകേണ്ടതെന്നും കെ.വി. തോമസ് പ്രതികരിച്ചു. എവിടെയാണ് വികസനം പറയാൻ കഴിയുന്നത്, അവിടെ പ്രചാരണത്തിനിറങ്ങും. എറണാകുളം ജില്ലയിലെ നേതാക്കളോട് ശരിയായി കൂടിയാലോചന നടത്താതെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയെ നിർണയിച്ചത്.

ജനങ്ങളുടെ വികസനപ്രശ്നങ്ങളും മറ്റു കാര്യങ്ങളുമാണ് ചർച്ചചെയ്യേണ്ടത്. വികസനത്തിനൊപ്പമാണ് താനെന്ന് മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഉപതെരഞ്ഞെടുപ്പാണിത്. എറണാകുളം ജില്ലയിൽ എത്ര പേരോട് നേതൃത്വം കാര്യങ്ങൾ ചർച്ചചെയ്തിട്ടുണ്ടെന്നും തോമസ് ചോദിച്ചു. അതേസമയം, കെ.വി. തോമസിന് ഒരു മറുപടിയുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. എല്ലാ ദിവസവും രാവിലെ പ്രതികരണം നടത്തി വാർത്തയിൽ നിറഞ്ഞുനിൽക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനൊന്നും മറുപടിയില്ലെന്ന് സതീശൻ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ.വി. തോമസ് സഹകരിക്കുമെന്നാണ് വിശ്വാസമെന്ന് സ്ഥാനാർഥി ഉമ തോമസ് പറഞ്ഞു. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. ഭാര്യയോട് സംസാരിച്ചു. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകുമെന്ന് ചേച്ചി പ്രത്യേകം പറഞ്ഞു. അവർ എപ്പോഴും ചേർത്തുപിടിച്ചിട്ടേയുള്ളൂവെന്നും ഉമ തോമസ് വ്യക്തമാക്കി. 

Tags:    
News Summary - KV Thomas continues Criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.