കുളനട സഹകരണ ബാങ്ക് തട്ടിപ്പ്; 2.38 കോടി ഈടാക്കാൻ ഉത്തരവ്

പന്തളം: കുളനട സർവിസ് സഹകരണ ബാങ്കിൽ 2005-2011 കാലയളവിൽ നടന്ന ക്രമക്കേടിൽ കുറ്റാരോപിതരായവരിൽനിന്ന് പലിശസഹിതം തുക ഈടാക്കാൻ സഹകരണ വകുപ്പിന്‍റെ ഉത്തരവ്. 14 പേർക്കെതിരെയാണ് നടപടി. ഇവരിൽ ക്രമക്കേട് നടന്ന കാലയളവിലെ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. ഭരണസമിതി അംഗങ്ങളിൽ രണ്ടുപേർ സി.പി.എം പ്രാദേശിക നേതാക്കളാണ്. ആകെ ഈടാക്കേണ്ടത് 2.38 കോടിയാണ്.

അന്നത്തെ ഭരണസമിതി അംഗങ്ങളിൽ ഏഴുപേർ 13,431 രൂപ വീതം അടക്കണം. ഏറ്റവും കൂടുതൽ തുക ഈടാക്കേണ്ടത് രണ്ട് ഉദ്യോഗസ്ഥരിൽനിന്നാണ്. ഇതുമാത്രം 1.9 കോടി രൂപ വരും. കുറ്റാരോപിതരിൽ ഓരോരുത്തരും തുക ബാങ്കിൽ അടക്കണമെന്നാണ് നിർദേശം.

അല്ലാത്തപക്ഷം തുടർനടപടിക്കാണ് വകുപ്പ് അധികൃതരുടെ തീരുമാനം. ബാങ്കിൽ നടന്ന ക്രമക്കേടിൽ ആയിരത്തോളം നിക്ഷേപകർക്കാണ് പണം നഷ്ടപ്പെട്ടത്‌. കോടതി ഇടപെടലിനെ തുടർന്ന് 20 ശതമാനം തുക നേരത്തേ ചിലർക്ക് തിരികെനൽകിയിരുന്നു. ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.

നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് സഹകരണ നിയമം 68 (2) വകുപ്പ് പ്രകാരം സർച്ചാർജ് ഉത്തരവ് നൽകിയതെന്ന് സഹകരണ ജോയന്‍റ് രജിസ്ട്രാർ ഓഫിസ് അധികൃതർ പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പ് നടത്തിയിരുന്നു.

ചിലർ നേരിട്ട് ഹാജരായെങ്കിലും മറ്റ് ചിലർ രേഖാമൂലം വീശദീകരണവും നൽകി. കോഴഞ്ചേരി അസി. രജിസ്ട്രാറുടെ (ജനറൽ) ഓഫിസിലെ യൂനിറ്റ് ഇൻസ്പെക്ടറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

Tags:    
News Summary - Kulanada Cooperative Bank Fraud; Order to recover 2.38 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.