പത്തനംതിട്ട: കോന്നിയിൽ ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരോട് 'കത്തിക്കുമെന്നും നക്സലുകൾ വരുമെന്നും' ഭീഷണിപ്പെടുത്തിയതിൽ വിശദീകരണവുമായി കെ.യു.ജനീഷ് കുമാർ എം.എൽ.എ. നക്സലുകൾ സാഹചര്യം മുതലെടുക്കുമെന്നാണ് ഉദ്ദേശിച്ചതെന്ന് എം.എൽ.എ പ്രതികരിച്ചു.
കാട്ടാന കയറി മനുഷ്യൻ ചാവാൻ തുടങ്ങുമ്പോഴാണ് ആന ചരിഞ്ഞെന്നും പറഞ്ഞ് നിരപരാധിളെ പിടിച്ചുകൊണ്ടുപോയി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 11 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇത് ചോദ്യം ചെയ്താണ് അവിടെ എത്തിയതെന്നും ജനകീയ വിഷയമായതിനാൽ അൽപം വൈകാരികമായി തന്നെ പ്രതികരിക്കേണ്ടിവന്നു. അപ്പോൾ ഉപയോഗിച്ച് പദപ്രയോഗങ്ങളിൽ തനിക്ക് ഖേദവുമുണ്ടെന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായാണ് കെ.യു. ജനീഷ് കുമാർ എം.എൽ.എ മോചിപ്പിച്ചത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് ജനീഷ് കുമാർ എത്തി മോചിപ്പിച്ചത്.
ഫോറസ്റ്റ് ഓഫിസിലെത്തി എം.എൽ.എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.
'ഇതെന്താ തോന്ന്യാസാ.. മനുഷ്യന് ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധികളുണ്ട്. അവിടെ മനുഷ്യൻ ചാവാൻ തുടങ്ങുവാ ആന കയറി. തന്തലായിക കാണിക്കാൻ ഇറങ്ങിയേക്കുന്നു പൊലീസാന്ന് പറഞ്ഞ്, കത്തിക്കും, രണ്ടാമതിവിടെ നക്സലുകൾ വരും. നിങ്ങൾ എന്താ കരുതിയിരിക്കുന്നത്. ആന ഇറങ്ങിയെന്ന് പറഞ്ഞ ജനങ്ങൾ പ്രതിഷേധിച്ച് നിൽക്കുവാ, ഇതിനിടെ പാവങ്ങളെല്ലാം പിടിച്ചോണ്ട് വന്ന് പ്രതിയാക്കുവാ' എന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ എം.എൽ.എ പറയുന്നുണ്ട്.
കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം, എം.എൽ.എ പ്രകടിപ്പിച്ചത് ജനവികാരമാണെന്നും ജനം കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണെന്നും ജനങ്ങളെ അക്രമിക്കുന്ന, കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്നാണ് പാർട്ടി നിലപാടെന്നും സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.